മലയാള സിനിമയിലിപ്പോൾ അജുവർഗീസിന്റെ തേരോട്ടമാണ്. നടനായും നിർമ്മാതാവും അജു നിറഞ്ഞു നിൽക്കുന്നു. എന്തു ചെയ്താലും അതെല്ലാം ഹിറ്റാക്കാനുള്ള കഴിവും താരത്തിനുണ്ട്. അജു സംസാരിക്കുന്നു.
''ഒമ്പത് വർഷത്തെ യാത്രയ്ക്കിടെ അനവധി പേരുടെ പിന്തുണയും സ്നേഹവും കരുതലുമൊക്കെ ഉണ്ടായിട്ടുണ്ട്. ഞാൻ അഭിനയിച്ച സിനിമകൾ വിജയിച്ചാലും പരാജയപ്പെട്ടാലും ഒരു നടൻ എന്ന നിലയിൽ എനിക്ക് ഗുണം മാത്രമേ ഉണ്ടായിട്ടുള്ളൂ. കാരണം ഓരോ സിനിമയും ഓരോ പാഠങ്ങളാണ്. ബോക്സോഫീസിന്റെ കണക്കിലാണ് എപ്പോഴും വിജയവും പരാജയവും തട്ടിച്ചു നോക്കുന്നത്. ഞാൻ ഭാഗമായ ഓരോ സിനിമയുടെയും സംവിധായകർ , തിരക്കഥാകൃത്തുക്കൾ, അഭിനേതാക്കൾ തുടങ്ങി എല്ലാവരും എനിക്ക് വലിയ പിന്തുണയാണ് നൽകിയിട്ടുള്ളത്. അതാണ് എന്റെ ധൈര്യവും. ""
വീണ്ടും നായകൻ
നായകനാവണമെന്ന് ഒരു മോഹവുമില്ലാത്ത ആളാണ് ഞാൻ. ചെയ്യുന്ന സിനിമയിൽ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമായിരിക്കണമെന്ന് മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ. ഇപ്പോൾ എനിക്ക് അങ്ങനെയൊരു ഭാഗ്യം വന്നിട്ടുണ്ട്. രഞ്ജിത്ശങ്കർ സാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ ഞാനാണ് നായകൻ. കമല എന്നാണ് ചിത്രത്തിന്റെ പേര്. ത്രില്ലർ ജോണറിലുള്ള സിനിമയാണത്. 36 മണിക്കൂറിൽ സംഭവിക്കുന്ന കാര്യങ്ങളിലൂടെയാണ് സിനിമ കടന്നുപോകുന്നത്. നായകൻ എന്ന് പറയുന്നതിനെക്കാളും കമലയിലെ കേന്ദ്ര കഥാപാത്രമെന്ന് പറയുന്നതാണ് ശരി. ഏറെ പ്രതീക്ഷയുള്ള ചിത്രമാണത്.
അഭിനയത്തിൽ ഇനിയും ബഹുദൂരം സഞ്ചരിക്കാനുണ്ട്. ഞാൻ തുടങ്ങിയിട്ടല്ലേയുള്ളൂ. അഭിനേതാവ് എന്ന നിലയിൽ വിലയിരുത്തുകയാണെങ്കിൽ ഒരു സാധാരണ അഭിനേതാവ് എന്ന് മാത്രമേ പറയാൻ കഴിയൂ. ഞാൻ ഇഷ്ടപ്പെടുന്ന ഒരുപാട് സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെയും ചിത്രത്തിൽ ഇനിയും അഭിനയിച്ചിട്ടില്ല. മികച്ച വേഷങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണെന്ന് പറയാം. എന്നെ വിളിച്ച എല്ലാ സംവിധായകരുടെയും സിനിമയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. സീനിന്റെ വലിപ്പം നോക്കി ഇതുവരെയും ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല. എന്നെ ആവശ്യമുള്ളവർ തീർച്ചയായും വിളിക്കും. ഞാൻ അഭിനയിച്ച സിനിമകൾ വിജയത്തിന്റെ മധുരവും പരാജയത്തിന്റെ കയ്പ്പും അറിഞ്ഞിട്ടുള്ളവയാണ്.
നിർമ്മാണം ഇനിയുമുണ്ടാകാം
ഞാൻ ആദ്യമായി നിർമ്മാതാവിന്റെ കുപ്പായമണിഞ്ഞ ചിത്രമാണ് ലൗ ആക് ഷൻ ഡ്രാമ. ഒന്നും മുൻകൂട്ടി തീരുമാനിച്ചതല്ല. ധ്യാൻ ഒരു കഥയുടെ ആശയം പറഞ്ഞപ്പോൾ തന്നെ വല്ലാത്ത രസം തോന്നി. ആ രസമാണ് എന്നെ നിർമ്മാതാവാക്കിയത്. എന്റെ സുഹൃത്ത് വിശാഖിനോട് ഞാൻ ഇത് പറഞ്ഞപ്പോൾ അവനും താത്പര്യമായി. എം.സ്റ്റാർ എന്ന ഒരു ഗ്രൂപ്പുകൂടി നിർമ്മാണ പങ്കാളിയായി വന്നതോടെ സിനിമ ഓണായി. സിനിമാ നിർമ്മാണം അല്പം ഭാരിച്ച ഉത്തരവാദിത്വമാണ്. പക്ഷേ ആ ഉത്തരവാദിത്വം ഞാൻ ആസ്വദിച്ചു. ഒരിക്കലും സിനിമ സ്വപ്നം കണ്ടിരുന്നില്ല. യാദൃച്ഛികമായിട്ടാണ് സിനിമയിലേക്ക് വന്നത്. ഇപ്പോൾ സിനിമാ നിർമ്മാതാവ് എന്ന നിലയിൽ വരെ എത്തിനിൽക്കുന്നു. എല്ലാം എങ്ങനെയൊക്കെയോ അങ്ങ് സംഭവിക്കുന്നുയെന്ന് പറയാനേ കഴിയൂ. ഇനിയും എന്തൊക്കെയോ സംഭവിക്കാൻ ഇരിക്കുന്നു.എല്ലാം നന്നായി പോകുന്നതിൽ സന്തോഷം. നിർമ്മാണത്തിൽ സജീവമാകണമെന്നൊന്നും ഇതു വരെ തിരുമാനിച്ചിട്ടില്ല. ഫൺ ടാസ്റ്റിക് സിനിമ എന്ന ബാനറിലാണ് ഞങ്ങൾ ലൗ ആക് ഷൻ ഡ്രാമ നിർമ്മിക്കുന്നത്. നല്ല എന്റർടെയ്നിംഗ് ആയിട്ടുള്ള സബ്ജക്ട് കിട്ടിയാൽ ഭാവിയിലും സിനിമകൾ നിർമ്മിക്കും.
വന്ന വഴി മറക്കില്ല
കോമഡി കഥാപാത്രങ്ങളിൽ അഭിനയിക്കുന്നത് ഒരു കുറവായി കണ്ടിട്ടില്ല. ഒരു നടന് അഭിനയിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ളത് കോമഡി വേഷങ്ങളാണ്. അതിലൂടെയാണ് ഞാൻ പ്രേക്ഷക പ്രീതി നേടിയത്. വർഷത്തിൽ കുറച്ച് കോമഡി വേഷങ്ങളും കുറച്ച് സീരിയസ് വേഷങ്ങളും എന്ന ഒരു പ്രത്യേക പ്ളാനിൽ ഞാൻ പോയിട്ടില്ല. എന്നാൽ എന്റെ ഉള്ളിലെ പ്രതിഭയുടെ മേച്ചിൽപുറങ്ങൾ തേടുന്ന വൈവിദ്ധ്യമായ കഥാപാത്രങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അത്തരം മേച്ചിൽപുറങ്ങളിൽ ഒരു പശുവിനെ പോലെ മേയാൻ എനിക്ക് ഒരുപാടിഷ്ടമാണ്. പക്ഷേ ജീവിതത്തിൽ അങ്ങനെയല്ല. ജീവിതത്തെ വളരെ റിലാക്സായിട്ടാണ് കാണുന്നത്. ഏറ്റവും അടുത്ത സുഹൃത്തുകൾക്കിടയിൽ മാത്രമേ ഞാൻ തമാശ പറഞ്ഞു സംസാരിക്കാറുള്ളൂ. മറ്റ് സുഹൃത്തുക്കളോട് അത്യാവശ്യം ഗൗരവത്തിൽ തന്നെയാണ് ഇടപെടാറുള്ളത്. എന്നാൽ ഓവർ ഗൗരവം കാണിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ജീവിതത്തിൽ എല്ലാ കാര്യങ്ങളെയും നമുക്ക് തമാശയായി കാണാൻ കഴിയില്ല. ഓരോ മുഹൂർത്തത്തെയും അത് അർഹിക്കുന്ന ഗൗരവത്തിൽ തന്നെ കൈകാര്യം ചെയ്യണം.
ഭാവിയിൽ അതുമുണ്ടാകാം
ഇനി സംവിധാനത്തിലേക്ക് കടക്കുമോ എന്നൊന്നും അറിയില്ല. ഭാവിയിൽ എന്തൊക്കെ സംഭവിക്കുമെന്ന് നേരത്തേ പറയാൻ കഴിയില്ലല്ലോ. സഹസംവിധായകൻ ശ്രമകരമായ ജോലിയാണെന്ന് അറിയുന്നത് ജേക്കബിന്റെ സ്വർഗരാജ്യത്തിൽ പ്രവർത്തിച്ചതിന് ശേഷമാണ്. ശരീരം കൊണ്ടും മനസുകൊണ്ടും അത്രയേറെ പണിയെടുക്കേണ്ട ഒരു ജോലിയാണ് സംവിധാനം. വളരെയധികം കഠിനാദ്ധ്വാനവും ആത്മാർപ്പണവും ഉണ്ടെങ്കിലേ ഒരു മികച്ച സംവിധായകനായി നിലനിൽക്കാൻ കഴിയൂ. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നു എന്ന് മാത്രം. അല്ലാതെ സിനിമയെ മൊത്തത്തിൽ കീഴടക്കുകയല്ല. മറ്റ് ഭാഷകളിലും ഇത്തരം രീതികൾ വ്യാപകമായി കാണാറുണ്ട്. കർണാടകത്തിൽ രക്ഷിത് ഷെട്ടി എന്ന നടൻ തന്നെയാണ് തന്റെ സിനിമകളുടെ നിർമ്മാതാവും സംവിധായകനുമൊക്കെ. ഹിന്ദി സിനിമയിൽ ആമിർഖാൻ , ഫറാൻ അക്തർ, കരൺ ജോഹർ തുടങ്ങിയ താരങ്ങളെല്ലാം അഭിനയവും സംവിധാനവും നിർമ്മാണവുമൊക്കെ ഒന്നിച്ചു ചെയ്യുന്നവരല്ലേ. മലയാളത്തിൽ അത് കൂടുതലായി കാണുന്നുവെങ്കിൽ അതിൽ അഭിമാനിക്കുകയല്ലേ വേണ്ടത്.