മംഗളൂരു: ഇന്ത്യൻ സമുദ്രാതിർത്തി ലംഘിച്ചെത്തിയ 15 ഇറാൻ സ്വദേശികളെ തീര രക്ഷാസേന മംഗളുരുവിൽ പിടികൂടി. കഴിഞ്ഞ ദിവസം രണ്ട് ബോട്ടുകളിലായാണ് ഇറാൻ സ്വദേശികൾ സമുദ്രാതിർത്തി ലംഘിച്ചെത്തിയത്. തീരസംരക്ഷണസേന കടലിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് രണ്ട് ബോട്ടുകൾ സമുദ്രാതിർത്തി ലംഘിച്ചു വരുന്നത് കണ്ടെത്തിയത്. ഇറാൻ സ്വദേശികളെ സേന കസ്റ്റഡിയിലെടുത്തെങ്കിലും ഇവരെ കയറ്റിയ ബോട്ട് യന്ത്രതകരാർ കാരണം കടലിൽ കുടുങ്ങിയിരിക്കുകയാണ്.
ഇറാൻ സ്വദേശികളായ മത്സ്യത്തൊഴിലാളികളാണ് ഇവരെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച വൈകീട്ട് അറബിക്കടലിൽ പതിവ് പട്രോളിംഗ് നടത്തുകയായിരുന്ന കോസ്റ്റ്ഗാർഡ് കപ്പൽ ‘വിക്ര’മിലെ ഉദ്യോഗസ്ഥർ, മംഗളൂരു തുറമുഖത്തുനിന്ന് 165 നോട്ടിക്കൽ മൈൽ (305 കിലോമീറ്റർ) അകലെ ലക്ഷദ്വീപ് മേഖലയിൽ സംശയാസ്പദരീതിയിൽ ‘അവി’ ‘ഇഷാൻ’ എന്നീ ബോട്ടുകൾ കണ്ടെത്തിയത്. ഉടനെ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഇവർ ഓടിച്ചുപോയി. ‘വിക്രം’ പിന്തുടർന്നാണ് ബോട്ടുകളെയും ഇതിലുണ്ടായിരുന്ന 15 ജീവനക്കാരെയും പിടികൂടിയത്. ഇവരെ മംഗളൂരുവിലെത്തിച്ച് തീരസുരക്ഷാസേനയ്ക്ക് കൈമാറുകയായിരുന്നു.