കൊയിലാണ്ടി: വിവാഹ ദിവസങ്ങളിൽ സുഹൃത്തുക്കൾ വരനും വധുവിനും പണികൊടുക്കുന്നത് ഇന്ന് പതിവാണ്. കല്യാണത്തിന് താലികെട്ടു മുതൽ തുടങ്ങി ഭക്ഷണ വേളകളിൽ വരെ എത്തി നിൽക്കുന്നു ഇത്തരം റാഗിംഗ്. മാലയിടുമ്പോൾ ബഹളമുണ്ടാക്കുക, പടക്കംപൊട്ടിക്കുക എന്നിങ്ങനെ പല രീതിയിൽ ഉളള വിനോദങ്ങളാണ് ചെയ്യാറുള്ളത്. മിക്കപ്പോഴും അതിരുവിടാറുണ്ട്. ഇതിനുദാഹരണമാണ് കഴിഞ്ഞ ദിവസം കൊയിലാണ്ടിയിൽ നടന്ന സംഭവം.
വിവാഹ റാഗിംഗിനിടെ സുഹൃത്തുക്കൾ കാന്താരിമുളകുവെള്ളം കുടിപ്പിച്ച നവവധുവും വരനും ആശുപത്രിയിലായി. വിവാഹത്തിനിടെ വരനെയും വധുവിനെയും റാഗ് ചെയ്ത സുഹൃത്തുക്കൾ നിർബന്ധിച്ച് കാന്താരിമുളകിട്ട വെള്ളം കുടിപ്പിക്കുകയായിരുന്നു. ഇതേ തുടർന്ന് വരനും വധുവിനും ദേഹാസ്വസ്ഥത തോന്നിയതിനെ തുടർന്ന് ഇവരെ വിവാഹവേഷത്തിൽ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിവാഹശേഷം ഭക്ഷണത്തിന് മുന്നോടിയായാണ് ഇരുവരെയും വരന്റെ സുഹൃത്തുക്കൾ കാന്താരിമുളക് അരച്ചുചേർത്ത വെള്ളം കുടിപ്പിച്ചത്. കൊയിലാണ്ടി പൊലീസ് ആശുപത്രിയിലെത്തി ഇരുവരുടെയും മൊഴിയെടുത്തു. എന്നാൽ, വധുവിനും വരനും പരാതിയില്ലെന്ന് എഴുതി കൊടുത്തതിനാൽ പൊലീസ് കേസ് എടുത്തില്ല. ഈ പ്രദേശങ്ങളിൽ വിവാഹത്തിന്റെ ഭാഗമായി നടക്കുന്ന ഇത്തരം സംഭവങ്ങൾ വലിയതോതിൽ സംഘർഷത്തിലേക്ക് നയിക്കാറുണ്ട് എന്നാണ് പൊലീസ് പറയുന്നത്.