കോഴിക്കോട്: മാവോയിസ്റ്റുമായി ബന്ധമുണ്ടെന്നാരോപിച്ച് പൊലീസ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത താഹ ഫസൽ നിരപരാധിയാണെന്ന് ഫസലിൻെറ സഹോദരൻ ഇജാസ് പറഞ്ഞു. ജേർണലിസ്റ്റ് ആവുകയെന്നതാണ് അവൻെറ വലിയ ലക്ഷ്യം. അതിനു വേണ്ടി പകൽ കോൺക്രീറ്റ് ജോലി ചെയ്തു വന്ന ശേഷമാണ് ഉറക്കമൊഴിഞ്ഞു പഠിച്ചിരുന്നത്. അസുഖബാധിതരായ മാതാപിതാക്കൾക്ക് തൊഴിൽ എടുത്ത് ജീവിക്കാൻ കഴിയാത്തതിനാൽ കുടുംബം നോക്കുകയെന്നതും പഠനത്തോടൊപ്പം തന്നെ അവന് പ്രധാനമായിരുന്നു.
മാവോയിസ്റ്റ് ബന്ധത്തിൻെറ പേരിൽ പൊലീസ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത താഹ ഫസലിൻെറ സഹോദരൻ ഇജാസിന് താഹ നിരപരാധിയാണെന്ന കാര്യത്തിൽ സംശയമില്ല. അറിയാനായ പ്രായം തൊട്ട് താഹ സി.പി എമ്മുകാരനാണെന്നും തങ്ങൾ രണ്ടുപേരും പാർട്ടി മെമ്പർമാരാണെന്നും ഇജാസ് പറഞ്ഞു. താഹയെയും കൊണ്ട് പുലർച്ചെ പൊലീസ് വീട്ടിലേക്ക് കയറി വന്നപ്പോഴാണ് അറസ്റ്റിൻെറ കാര്യം അറിയുന്നത്. വീട്ടിൽ പരിശോധന നടത്തിയ പൊലീസ് 18 സാധനങ്ങളാണ് പിടിച്ചെടുത്തത്.
ജേർണലിസം റഫർ ചെയ്യുന്ന പുസ്തകങ്ങളും ഉപയോഗശൂന്യമായ തന്റെ ലാപ്പ്ടോപ്പും രണ്ട് പെൻഡ്രൈവുകളും പൊലീസ് കൊണ്ടുപോയി. കൃത്യമായി പബ്ലിഷ് ചെയ്ത പുസ്തകങ്ങളല്ലാതെ മറ്റൊന്നും വീട്ടിൽ നിന്നു കിട്ടിയിട്ടില്ല. മാവോയിസ്റ്റ് അനുകൂല ലഘുലേഖകൾ പരിചയമില്ലാത്ത മറ്റൊരാളിൽ നിന്നാണ് പൊലീസ് പിടിച്ചെടുത്തതെന്നും അയാൾ ഓടി രക്ഷപ്പെട്ടെന്നാണ് തനിക്ക് അറിയാൻ കഴിഞ്ഞതെന്നും ഇജാസ് പറഞ്ഞു. പിതാവ് അബൂബക്കർ കുറേ വർഷങ്ങളായി ആരോഗ്യപ്രശ്നം കാരണം ജോലി ചെയ്യാറില്ല. മാതാവ് ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലാണ്.