ഹൈദരാബാദ്: തെലങ്കാന എസ്.ആർ.ടി.സി ബസ് പണിമുടക്ക് ഒരു മാസത്തിലേക്ക് കടക്കവേ കടുത്ത തീരുമാനവുമായി മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു. സംസ്ഥാനത്തെ 50 ശതമാനം ബസ് സർവീസുകൾ സ്വകാര്യവൽക്കരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കൂടാതെ സമരം ചെയ്യുന്ന ജീവനക്കാർക്ക് ജോലിക്ക് ഹാജരാകാൻ മൂന്ന് ദിവസത്തെ സമയപരിധിയും നിശ്ചയിച്ചു.
കഴിഞ്ഞ ദിവസം നടന്ന അഞ്ച് മണിക്കൂർ നീണ്ട മാരത്തൺ മന്ത്രിസഭാ യോഗത്തിന് ശേഷം 5,100 സ്വകാര്യ ബസുകൾക്ക് നിർദ്ദിഷ്ട റൂട്ടുകളിൽ ഓടാൻ അനുമതി നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ടിഎസ്ആർടിസി) 10,400 ബസുകൾ സർവീസ് നടത്തിയിരുന്നു, അതിൽ പകുതിയോളം ബസുകളാണ് ഇപ്പോൾ സ്വകാര്യവത്കരിച്ചിരിക്കുന്നത്.
സ്വകാര്യവത്ക്കരണത്തെ ട്രേഡ് യൂണിയനുകൾ ശക്തമായി എതിർത്തെങ്കിലും തീരുമാനത്തിൽ നിന്ന് പിറകോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു. ഇത് മന്ത്രിസഭയുടെ നയപരമായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്രസർക്കാരിന്റെ സമീപകാല മോട്ടോർ വാഹന നിയമ ഭേദഗതി സുസ്ഥിരത ഉറപ്പുവരുത്തുന്നതിനായി സംസ്ഥാനങ്ങളെ സ്വകാര്യവത്കരിക്കാൻ അനുവദിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'എന്നിരുന്നാലും, സമരം ചെയ്യുന്ന ജീവനക്കാരെ ജോലിയിൽ നിന്ന് ഒഴിവാക്കുകയെന്ന ഉദ്ദേശ്യം ഞങ്ങൾക്കില്ല. അവരെ യൂണിയൻ നേതാക്കൾ വഴിതെറ്റിക്കുകയാണെന്നറിയാം. മടങ്ങിവരാനും ജോലി നിലനിർത്താനുമുള്ള ഒരു മികച്ച അവസരം ഞങ്ങൾ അവർക്ക് നൽകുന്നു. നവംബർ 5 അർദ്ധരാത്രിയ്ക്ക് മുമ്പ് അവർ വീണ്ടും ജോലിയ്ക്ക് ഹാജരാകണം. എന്നാൽ ആരാലെങ്കിലും അവർ തെറ്റിദ്ധരിക്കപ്പെട്ട് അവരുടെ ജോലി നഷ്ടപ്പെട്ടാൽ ഞങ്ങൾ ഉത്തരവാദികളല്ല'- അദ്ദേഹം പറഞ്ഞു.
ആന്ധ്രാപ്രദേശിനെ പോലെ തെലങ്കാന സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷനും സംസ്ഥാന സർക്കാരിൽ ലയിപ്പിക്കുക എന്നതാണ് ജീവനക്കാരുടെ പ്രധാന ആവശ്യം. ശമ്പളം പരിഷ്കരിക്കുക, ശബള കുടിശ്ശിക മുഴുവൻ നൽകുക, ജോലിസ്ഥിരത ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുമുണ്ട്.