മുംബയ്: മഹാരാഷ്ട്രയിൽ ശിവസേനയും ബി.ജെ.പിയും തമ്മിലുള്ള അങ്കപ്പോര് മുറുകുകയാണ്. തിരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിട്ട ബി.ജെ.പിയും ശിവസേനയും മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലി തർക്കത്തിലാണ്. രണ്ടരവർഷം വീതം മുഖ്യമന്ത്രിസ്ഥാനം പങ്കിടാമെന്ന ബി.ജെ.പിയുടെ ഉറപ്പ് നടപ്പാക്കണമെന്നാണ് ശിവസേനയുടെ ആവശ്യം. എന്നാൽ, ഇത് സാധിക്കില്ലെന്നാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചത്. അതേസമയം, ശിവസേനയില്ലാതെ സർക്കാർ രൂപീകരിക്കില്ലെന്നും ഫഡ്നാവിസ് വ്യക്തമാക്കുന്നുമുണ്ട്.
മഹാരാഷ്ട്രയിൽ ഇതുവരെ സർക്കാർ രൂപീകരണത്തിന് അവകാശം ഉന്നയിച്ച് ഒരു പാർട്ടിയും രംഗത്തുവന്നിട്ടില്ല. 288 അംഗ നിയമസഭയിൽ ബി.ജെ.പിക്ക് 105 സീറ്റും സഖ്യകക്ഷിയായ ശിവസേനയ്ക്ക് 56 സീറ്റും എൻ.സി.പിക്ക് 54 സീറ്റും കോൺഗ്രസിന് 44 സീറ്റുമാണുള്ളത്. മന്ത്രിസഭാ രൂപവത്കരണത്തിലെ അനിശ്ചിതത്വം നീണ്ടാൽ സ്വന്തം വഴി നോക്കാൻ നിർബന്ധിതരാവുമെന്ന് ശിവസേനാ നേതൃത്വം ബി.ജെ.പിക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കോൺഗ്രസിലും ഇതുസംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും എൻ.സി.പി അതിനുവഴങ്ങില്ലെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ. എന്നാൽ, ബി.ജെ.പിയെ ഒഴിവാക്കി ജനകീയ സർക്കാർ രൂപവത്കരിക്കാൻ ശിവസേന മുൻകെെ എടുത്താൽ അനുകൂല നിലപാട് സ്വീകരിച്ചേക്കുമെന്ന് എൻ.സി.പി സൂചിപ്പിച്ചിട്ടുണ്ട്. ജനങ്ങളുടെ താൽപര്യം മുൻനിറുത്തിയാണ് ശിവസേനയുടെ തീരുമാനമെങ്കിൽ ബദലുകൾക്ക് സാദ്ധ്യതയുണ്ടെന്ന് എൻ.സി.പി വക്താവ് നവാബ് മാലിക് വ്യക്തമാക്കിയിരുന്നു. അതേസമയം, ജനവിധി മാനിച്ച് എൻ.സി.പി പ്രതിപക്ഷത്തിരിക്കുമെന്നാണ് പാർട്ടി അദ്ധ്യക്ഷൻ ശരദ് പവാർ കഴിഞ്ഞ ദിവസം പറഞ്ഞത്.
രണ്ടുദിവസത്തിനുള്ളിൽ എൻ.സി.പി നേതാവ് ശരദ് പവാറുമായി ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് രണ്ടു കൂടിക്കാഴ്ചകൾ നടത്തിക്കഴിഞ്ഞു. പവാർ സേനയ്ക്ക് അനുകൂലമായ നീക്കം നടത്തിയാൽ പ്രതിസന്ധിയിലാവുക കോൺഗ്രസായിരിക്കും. സേനയുമായിച്ചേർന്ന് എൻ.സി.പിയും തങ്ങളും സർക്കാരുണ്ടാക്കണമെന്ന അഭിപ്രായത്തിലാണ് ഇപ്പോഴും അവർ. അതേസമയം, ഭരണപ്രതിസന്ധി നീണ്ടുപോയാൽ മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങുമെന്ന ബി.ജെ.പിയുടെ ഭീഷണിയെ നിശിതമായി വിമർശിച്ച് ശിവസേനാ മുഖപത്രമായ സാമ്നയും രംഗത്തെത്തിയിരുന്നു.
മുഗൾ ചക്രവർത്തിമാരെ പോലെ കല്പനകൾ പുറപ്പെടുവിക്കുന്നത് ജനാധിപത്യ മര്യാദകൾക്ക് നിരക്കുന്നതല്ലെന്ന് സാമ്നയുടെ മുഖപ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു. നിയമത്തെക്കുറിച്ചും ഭരണഘടനയെക്കുറിച്ചും പാർലമെന്ററി കീഴ്‌വഴക്കങ്ങളെ കുറിച്ചും ശിവസേനയ്ക്ക് അറിയാമെന്നും രാഷ്ട്രപതി ആരുടെയും കീശയിലല്ല കിടക്കുന്നതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
എന്നാൽ, ബി.ജെ.പിക്ക് സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ശിവസേന മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുമെന്ന് തന്നെയാണ് പാർട്ടി നേതാവ് സഞ്ജയ് റാവത്തും വ്യക്തമാക്കിയത്. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ഒരു പടി മാത്രമാണ് ശിവസേനയ്ക്ക് മുന്നിലുള്ളത്. ഈ ഘട്ടത്തിൽ കൂടുതൽ വിശദീകരിക്കുന്നില്ല. തങ്ങൾക്ക് മതിയായ ഭൂരിപക്ഷമുണ്ട്. എന്നാൽ, ഏറ്റവും വലിയ കക്ഷി ബി.ജെ.പിയാണ്. അതുകൊണ്ടുതന്നെ സർക്കാർ രൂപീകരിക്കാൻ ആദ്യ അവസരം അവർക്കാണ്. പറ്റില്ലെങ്കിൽ ശിവസേന സർക്കാർ രൂപീകരിക്കുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. മുഖ്യമന്ത്രിസ്ഥാനം തുല്യമായി പങ്കുവയ്ക്കണമെന്ന ശിവസേനയുടെ ആവശ്യത്തിന് വഴങ്ങാൻ ബി.ജെ.പി സമ്മതിക്കുമോയെന്ന് ഇനി കണ്ടറിയാം.