uapa

തിരുവനന്തപുരം: അട്ടപ്പാടിയിലെ മഞ്ചിക്കണ്ടിയിൽ മാവോയിസ്റ്റുകളെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിലും കോഴിക്കോട്ടെ വിദ്യാർത്ഥികളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിലും സർക്കാരിനെതിരെ പ്രതിഷേധം പുകയുന്നു. സാമൂഹിക, കലാ-രാഷ്ട്രീയ രംഗത്തു നിന്നുമുള്ള പ്രമുഖരാണ് സംഭവത്തിൽ സർക്കാരിനും പൊലീസിനുമെതിരെ രൂക്ഷ വിമർശനവുമായി എത്തിയത്. സംവിധായകൻ ആഷിഖ് അബു, നടി സജിത മഠത്തിൽ, എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ, സി.പി.എം എം.എൽ.എ എം സ്വരാജ് എന്നിവരാണ് പ്രധാനമായും ഇക്കാര്യത്തിൽ സർക്കാരിനെ വിമർശിച്ച് രംഗത്ത് വന്നത്.

പൊലീസ് ക്രിമിനലുകളുടേയും സംസ്ഥാനത്തെ ബ്യൂറോക്രാറ്റുകളുടെ മേലും സർക്കാരിന് യാതൊരു നിയന്ത്രണവുമില്ലെന്നാണ് വാളയാർ സംഭവവും, മാവോയിസ്റ്റ് വേട്ടയും തെളിയിക്കുന്നതെന്നും ഭരണകൂട ഭീകരത ആവോളം അനുഭവിച്ച പാർട്ടിക്ക് ഇക്കാര്യത്തിൽ യാതൊരു ചുക്കും ചെയ്യാൻ കഴിയാതിരിക്കുന്നത് അത്യന്തം പ്രതിഷേധാർഹമാണെന്നുമാണ് ആഷിഖ് അബുവിന്റെ നിലപാട്.

അതേസമയം സർക്കാർ ഇക്കാര്യത്തിൽ ഒപ്പം നിൽക്കുമെന്നാണ് പ്രതീക്ഷയെന്നും പൊലീസിന്റെ നടപടികളിൽ അസ്വാഭാവികതയുണ്ടെന്നും നടി സജിത മഠത്തിൽ പ്രതികരിച്ചു. യു.എ.പി.എ ചുമത്തപ്പെട്ട് അറസ്റ്റിലായ അലൻ ഷുഹൈദിന്റെ മാതൃസഹോദരി കൂടിയായ സജിത മഠത്തിൽ പറഞ്ഞു. അതേസമയം തന്റെ മകനെതിരെ യു.എ.പി.എ കേസ് നടത്തുന്നത് സി.പി.പിഎമ്മാണെന്നും പാർട്ടിയാണ് അതിനായി അഭിഭാഷകനെ വെച്ചതെന്നും അലന്റെ അമ്മ പറഞ്ഞു.

യു.എ.പി.എ കരിനിയമം ഇങ്ങനെ ചുമ്മാ എടുത്ത് പ്രയോഗിക്കാൻ ആകില്ലെന്നും അത് അന്യായമാണെന്നും സർക്കാരിന്റെ നയങ്ങൾ നടപ്പിലാക്കാൻ സംസ്ഥാന പൊലീസ് ബാധ്യസ്ഥരാണെന്നും സി.പി.എം എം.എൽ.എ എം. സ്വരാജും പ്രതികരിച്ചു. അതേസമയം യു.എ.പി.എ ചുമത്തി കോഴിക്കോട്ട് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസിന് തെറ്റ് പറ്റിയെന്നും സർക്കാർ ഈ തെറ്റ് തിരുത്തുമെന്നും പറഞ്ഞുകൊണ്ട് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനും രംഗത്തെത്തി.

സി.പി.എം യു.എ.പി.എ ചുമത്തപ്പെട്ട അലനും താഹയ്ക്കും ഒപ്പമാണെന്ന് പറഞ്ഞ അദ്ദേഹം സി.പി.ഐയുടെ മാവോയിസ്റ്റ് അനുകൂല നിലപാടിനെ താൻ എതിർക്കുന്നുവെന്നും വിജയരാഘവൻ പറഞ്ഞു. സർക്കാർ നയത്തിന് അനുകൂലമായല്ല ഈ വിഷയത്തിലുള്ള പൊലീസ് ഇടപെടലെന്നും ഇങ്ങനെയൊരു വിമർശനം മുൻപും സർക്കാരിനെതിരെ ഉയർന്നതാണെന്നും യു.എ.പി.എ വിഷയത്തിൽ തിരുത്തൽ ഉണ്ടാകുമെന്നും സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനും വ്യക്തമാക്കി. അതേസമയം വിദ്യാർത്ഥികൾക്കെതിരെ യു.എ.പി.എ ചുമത്തിയ പൊലീസ് നടപടിക്കെതിരെ സി.പി.എം കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി പ്രമേയം പാസാക്കിയിട്ടുണ്ട്.