ഒപ്പം എന്ന ചിത്രത്തിലെ രാമച്ചനെയും അദ്ദേഹത്തിന്റെ 'മിന്നാമിനുങ്ങിനെയും' മലയാളികൾ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. മോഹൻലാൽ രാമച്ചനായെത്തിയപ്പോൾ മീനാക്ഷിയായിരുന്നു മിന്നാമിനുങ്ങായി(നന്ദിനി) എത്തിയത്. ഇരുവരുമൊന്നിച്ചുള്ള 'മിനുങ്ങും മിന്നാമിനുങ്ങേ' എന്ന പാട്ടും,രംഗങ്ങളുമൊക്കെ പ്രക്ഷേകർക്ക് അത്രത്തോളം ഇഷ്ടമായി.
കടുത്ത മോഹൻലാൽ ആരാധികയായ മീനാക്ഷിയുടെ കാറിന്റെ നമ്പർ 2255 ആണ്. ഈ നമ്പർ കേൾക്കുമ്പോൾ മലയാളികൾക്ക് ഓർമ്മ വരുന്നത് സാക്ഷാൽ മോഹൻലാലിനെയാണ്. അദ്ദേഹത്തിന്റെ ഒരു വണ്ടിയുടെ നമ്പരും ഇതാണ്, കൂടാതെ രാജാവിന്റെ മകൻ എന്ന ചിത്രത്തിലെ ആ ഡയലോഗ് ഇന്നും ആരാധകർ മറന്നിട്ടില്ല. ഇപ്പോഴിതാ കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ സമ്മാനിച്ചതാണോ കാർ എന്നതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മീനാക്ഷിയും അച്ഛനും. കാർ അദ്ദേഹം സമ്മാനിച്ചതല്ലെന്ന് മീനാക്ഷി വ്യക്തമാക്കി.
'ലാലേട്ടന്റെ മൈ ഫോൺ നമ്പർ ഈസ് 2255 എന്ന നമ്പർ ആർക്കാ അറിയാൻ പറ്റാത്തത്. ഒപ്പം കഴിഞ്ഞപ്പോൾ ഒത്തിരി സന്തോഷവും നിരവധി അവസരങ്ങളും ലഭിച്ചു. അതുവഴി കന്നടയിലെത്തി.ഇപ്പോൾ ഹിന്ദി ചെയ്യാൻ പറ്റി. അതെല്ലാം ലാലേട്ടന്റെ പടത്തിന് ശേഷം കിട്ടിയതാണ്. തുടർന്ന് രണ്ടമതൊരു വണ്ടിയെടുത്തപ്പോൾ ഈ നമ്പർ കൊടുത്തു' -മീനാക്ഷിയുടെ അച്ഛൻ പറഞ്ഞു.