കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും ജില്ലയിലെ അഞ്ച് പൊലീസ് സ്‌റ്റേഷനുകൾക്കും മാവോയിസ്റ്റ് ഭീഷണിയുള്ളതായി രഹസ്യാന്വേഷണവിഭാഗം അറിയിച്ചു. അട്ടപ്പാടിയിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഭീഷണി ഉയർന്നത്. ജില്ലയിലെ മലയോരമേഖലയിലെ കോടഞ്ചേരി, താമരശ്ശേരി, കൂരാച്ചുണ്ട്, പെരുവണ്ണാമൂവി, തൊട്ടിൽപ്പാലം സ്റ്റേഷനുകൾക്കാണ് ഭീഷണി.
ഇതോടെ മുഖ്യമന്ത്രിയുടെ ഇന്നത്തെ പരിപാടികളിലെല്ലാം വലിയ സുരക്ഷയാണ് ഏർപ്പെടുത്തിയത്. അതേസമയം, വയനാടിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും ജാഗ്രത പുലർത്തണമെന്നും ഡി.ജി.പി നിർദേശിച്ചിട്ടുണ്ട്. പ്രദേശങ്ങളിൽ തണ്ടർബോൾട്ട് സംഘം എത്തിയിട്ടുണ്ട്. രാത്രികാലങ്ങളിൽ പരിശോധന ശക്തമാക്കണം.
കോഴിക്കോട് പന്തീരാങ്കാവിൽ രണ്ട് യുവാക്കൾക്കെതിരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തിയതിൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കെതിരെ മാവോയിസ്റ്റ് ഭീഷണിയെന്ന രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്ത് വരുന്നത്. യു.എ.പി.എ ചുമത്തി യുവാക്കളെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ സി.പി.എമ്മും രംഗത്തെത്തിയിട്ടുണ്ട്. സി.പി.എം കോഴിക്കോട് സൗത്ത് ഏരിയ കമ്മറ്റിയാണ് പൊലീസ് നടപടിക്കെതിരെ പ്രമേയം പാസാക്കിയത്.