v-muraleedharan

കോഴിക്കോട്ടെ വിദ്യാർത്ഥികളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. യു.എ.പി.എ ചുമത്തിയതിന്റെ പേരിൽ കേന്ദ്ര സർക്കാരിനെ ആക്രമിക്കുന്ന പിണറായി വിജയന് ഇപ്പോൾ സ്വന്തം പാർട്ടിക്ക് മുൻപിൽ പോലും ഉത്തരം മുട്ടിയിരിക്കുകയായിരുന്നുവെന്നും യു.എ.പി.എ നിയമത്തെ കരിനിയമമെന്ന് പരിഹസിക്കുന്ന ജനാധിപത്യ വിരുദ്ധരാണോ കേരളം ഭരിക്കുന്നതെന്നും വി. മുരളീധരൻ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു. രാജ്യത്തിന്റെ താത്പര്യത്തിനെതിരെ പ്രവർത്തിക്കുന്നവർ കമ്മ്യൂണിസ്റ്റ് പാർട്ടിയിലാണ് ഉള്ളതെന്നാണ് കോഴിക്കോട്ടെ അറസ്റ്റുകൾ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, മാവോയിസ്റ്റുകൾക്ക് ഒത്താശ ചെയ്തുകൊടുക്കുന്നത് സ്വന്തം പാർട്ടിക്കാർ തന്നെയാണെന്ന് വേട്ടയ്ക്കിറങ്ങിയ മുഖ്യമന്ത്രി മനസിലാക്കണമെന്നും വി.മുരളീധരൻ പരിഹസിച്ചു.

വി.മുരളീധരന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം ചുവടെ:

'ഭരണഘടനയനുസരിച്ച് പാർലമെന്റ് പാസാക്കിയ യുഎപിഎ നിയമത്തെ കരിനിയമമെന്ന് പരിഹസിക്കുന്ന ജനാധിപത്യവിരുദ്ധരാണോ കേരളം ഭരിക്കുന്നത്? കേന്ദ്ര സർക്കാരിനെ യുഎപിഎ ചുമത്തിയതിന്റെ പേരിൽ ആക്രമിക്കുന്ന പിണറായിക്ക് ഇപ്പോൾ സ്വന്തം മുന്നണിക്കു മുന്നിൽ പോലും ഉത്തരം മുട്ടിയിരിക്കുന്നു. രാജ്യ താത്പര്യത്തിനെതിരെ പ്രവർത്തിക്കുന്നവർ കമ്യൂണിസ്റ്റ് പാർട്ടിയിലാണുള്ളതെന്ന് അടിവരയിട്ട് ഉറപ്പിക്കുകയാണ് പന്തീരങ്കാവിലെ സി പി എം പ്രവർത്തകരുടെ അറസ്റ്റ്. യുഎപിഎ ചുമത്താൻ തെളിവുള്ളതു കൊണ്ടാണ് സിപിഎമ്മുകാരായ പ്രതികൾക്കെതിരെ കുറ്റം ചുമത്തിയതെന്ന് ഇന്ന് ഐജി പറഞ്ഞതിനെ അവിശ്വസിക്കാൻ തത്കാലം നിർവ്വാഹമില്ല.

പക്ഷേ, സത്യം തിരിച്ചറിയാനും അംഗീകരിക്കാനും പിണറായിയും ഇടത് ബുദ്ധിരാക്ഷസൻമാരും തയ്യാറാകുമെന്ന ശുഭാപ്തി വിശ്വാസമൊന്നും എനിക്കില്ല. യുഎപിഎ കേസിൽ കുറ്റപത്രം സമർപ്പിക്കും മുമ്പ് പ്രോസിക്യൂഷൻ അനുമതി നൽകാതിരിക്കുകയെന്ന കുബുദ്ധിയാണ് ഇപ്പോൾ ആലോചനയിലെന്ന് കേൾക്കുന്നു. ഇടത് സർക്കാരിന്റെ നയത്തിനനുസരിച്ച് പൊലീസിനെ ചങ്ങലയിലാക്കി ഈ കേസ് തേച്ചുമാച്ച് കളയുകയുമാകാം. ഏതായാലും, വേട്ടയ്ക്കിറങ്ങിയ പിണറായി വിജയന്, മാവോയിസ്റ്റുകൾക്ക് ഒത്താശ ചെയ്യുന്നത് സ്വന്തം പാർട്ടിക്കാർ തന്നെയെന്നുള്ള തിരിച്ചറിവുണ്ടായാൽ നല്ലത്!! #UAPA '