
കുഞ്ഞുങ്ങൾക്കെതിരെയുള്ള പീഡനപരാതികൾ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള കേസുകൾ വരുമ്പോൾ ആ വീടുകളിലെ അന്തരീക്ഷം എന്തായിരുന്നുവെന്ന് അലോചിക്കേണ്ടതുണ്ടെന്ന് മനശാസ്ത്ര വിദഗ്ദ്ധയായ കലാ മോഹൻ. കേരള കൗമുദിയിലെഴുതിയ ലേഖനത്തിലാണ് കലാമോഹന്റെ തുറന്നെഴുത്ത്.
ലേഖനത്തിലെ പ്രസക്ത ഭാഗങ്ങൾ...
കുഞ്ഞുങ്ങൾ പീഡനത്തിനിരയാകുന്ന കേസുകൾ വരുമ്പോൾ ആ വീടുകളിലെ അന്തരീക്ഷം എന്തായിരുന്നു എന്ന് ആലോചിക്കേണ്ടതുണ്ട്. അച്ഛനും അമ്മയ്ക്കും കുഞ്ഞുങ്ങൾക്ക് എത്ര ശ്രദ്ധ കൊടുക്കാൻ കഴിഞ്ഞു എന്നറിയണം. വാളയാറിലെ മാതാപിതാക്കൾ ഹൈ സൊസൈറ്റി ജീവിതത്തിന്റെ പുറകേ പോയി കുഞ്ഞുങ്ങളെ നോക്കാതിരുന്നവരല്ല. അന്നന്നത്തെ വിശപ്പായിരിക്കും അവരുടെ പ്രധാന പ്രശ്നം. ആ അവസ്ഥയ്ക്ക് സമൂഹവും ഉത്തരവാദികളല്ലേ. അവർ ആരെയൊക്കെ ആശ്രയിച്ച് ജീവിച്ചവരാകാം. ഒരു കുടുംബത്തിനുണ്ടാകുന്ന ഈ ദാരിദ്ര്യാവസ്ഥയ്ക്ക് ആരാണ് ഉത്തരവാദികൾ. സാഹചര്യം തന്നെയാണ് ഇവിടെ പ്രധാന വില്ലൻ. അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാത്തിടത്തോളം ഇത്തരം സംഭവങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കും.
മാറി നിന്ന് ചിന്തിച്ചാൽ അമ്മയ്ക്ക് എന്തുകൊണ്ട് കുട്ടികളെ രക്ഷിച്ചുകൂടാ എന്ന് ചോദിക്കാൻ നമുക്ക് തോന്നും. എന്നാൽ ഇത്തരം ദയനീയാവസ്ഥ നേരിട്ട് കണ്ടിട്ടുള്ളതുകൊണ്ട് ആ അമ്മ എത്രത്തോളം നിസഹായ ആയിരുന്നിരിക്കും എന്നെനിക്ക് മനസിലാകും. ജീവിതം തുടങ്ങി ഒരു ഘട്ടം എത്തുമ്പോൾ, പുരുഷൻ ഉപേക്ഷിച്ചു പോയാൽ, അവളും മക്കളും പ്രതിസന്ധിയിലേക്ക് എടുത്തെറിയപ്പെടുന്നു. തന്റെയും പെൺകുഞ്ഞുങ്ങളുടെയും രക്ഷകനായി ഒരാളെ വീടിനുള്ളിൽ കയറ്റാൻ സ്ത്രീ നിർബന്ധിത ആയേക്കും. അത് രതിയോടുള്ള ആർത്തി കൊണ്ടാവില്ല, ഭക്ഷണത്തിനോടുള്ള കൊതിയും വിശപ്പിന്റെ ആളലും കൊണ്ടാണ്. ശുഷ്കിച്ച മുലകളിൽ പാലില്ലാത്ത അമ്മയുടെ മരവിപ്പ് ഞാൻ കണ്ടിട്ടുണ്ട്. അന്ന് നേരിട്ട പല കേസുകളും പലപ്പോഴായി കുറിച്ചിട്ടുണ്ട്. സ്വന്തം മകളെ ഉപദ്രവിക്കാൻ അമ്മ കൂട്ടുനിന്ന കേസ് ആദ്യമായി പഠിക്കുമ്പോൾ, എന്റെ രോഷം ആളിക്കത്തി. പക്ഷേ, വിശപ്പിനു മുന്നിൽ സദാചാരവും മൂല്യവുമൊന്നുമില്ലെന്ന് പിന്നീട് ബോദ്ധ്യപ്പെട്ടു. മൂക്കുമുട്ടെ തിന്നു സമാധാനമായി ഉറങ്ങാൻ കിടക്കുന്നവർക്കു സദാചാര പുതപ്പ് ഒരു സുഖമാണ്.
വിശപ്പാണ് ഈ കുഞ്ഞുങ്ങളുടെ ഏറ്രവും വലിയ പ്രശ്നം. ഇഡ്ഡലിയും സാമ്പാറും അപ്പവും മുട്ടക്കറിയും അവരിൽ പലർക്കും വലിയ സംഭവമാണ്. അത് വാങ്ങി നൽകാമെന്ന് പറഞ്ഞാൽ അവരെ പ്രലോഭിപ്പിക്കാം. കെട്ടുറപ്പുള്ള ഒരു വീടുപോലുമില്ലാത്ത എത്രയോ കുടുംബങ്ങളുണ്ട്. അമ്മ കൽപ്പണിക്കോ മറ്റോ പോയിരിക്കുകയാവാം. ആർക്കും അതിക്രമിച്ച് കയറാം. പെൺശരീരത്തിന് മുന്നിൽ മതമോ ജാതിയോ ഒന്നും രക്ഷകരാകില്ല.
കല മോഹൻ കേരള കൗമുദി വാരാന്ത്യത്തിലെഴുതിയ ലേഖനത്തിന്റെ പൂർണരൂപം
https://keralakaumudi.com/news/news.php?id=179121&u=justice-for-walayar-girls