കോഴിക്കോട്: ഒരു വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നു. തമിഴ്നാട്ടിലെ തിരുപ്പൂർ സ്വദേശിയായ ധനലക്ഷ്മി എന്ന സ്ത്രീയാണ് റിഷിധിൻ എന്ന് പേരുള്ള തന്റെ മകനെ വീട്ടുമുറ്റത്തെ പതിനഞ്ചടിയോളം വെളളമുള്ള കിണറ്റിലേക്ക് എറിഞ്ഞുകൊന്നത്. ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത്. കാക്കൂരിലെ എട്ടേകാല്-വളയങ്കണ്ടി റോഡിലുള്ള സുന്നിപള്ളിക്ക് സമീപം കാവുംപുറത്തെ വാടകവീട്ടിൽ കുടുംബത്തോടൊപ്പം താമസിച്ച് വരികയായിരുന്നു യുവതി.
പർദ്ദ ധരിച്ച് കൊള്ള നടത്താൻ രണ്ടുപേർ വീട്ടിലേക്ക് എത്തിയിരുന്നുവെന്നും തന്നെ എന്തോ മണപ്പിച്ച് ബോധം കെടുത്തിയ ശേഷം അവരാണ് കുഞ്ഞിനെ കിണറ്റിലേക്ക് എറിഞ്ഞതെന്നും പറഞ്ഞുകൊണ്ട് യുവതി നിലവിളിച്ചപ്പോഴാണ് അയൽക്കാർ സംഭവം അറിഞ്ഞത്. അവർ തന്റെ സ്വർണാഭരണങ്ങൾ തട്ടിയെടുത്തുവെന്നും യുവതി പറഞ്ഞിരുന്നു. സംഭവസമയത്ത് യുവതിയുടെ ഭർത്താവായ പ്രവീണും പ്രവീണിന്റെ അച്ഛനും അമ്മയും ജോലിക്ക് പോയിരിക്കുകയായിരുന്നു.
ഇവരുടെ വീടിനു ചുറ്റും അയൽവാസികൾ താമസിക്കുന്നുണ്ടെങ്കിലും വീടും വീട്ടുമുറ്റവും പെട്ടെന്ന് പുറത്തുനിന്നും നോക്കിയാൽ കാണില്ല. അതിനാൽ എന്താണ് സംഭവിക്കതെന്നു വ്യക്തമാക്കാതെ അയൽവാസികളിൽ ഒരാൾ കുഞ്ഞിനെ രക്ഷിക്കാൻ കിണറ്റിലേക്ക് ഇറങ്ങിനോക്കി. ഇയാൾക്ക് കുഞ്ഞിനെ പുറത്തെടുക്കാൻ കഴിയാത്തതിനെ തുടർന്ന് ഫയർഫോഴ്‌സ് വന്നാണ് കുട്ടിയെ കിണറ്റിന് പുറത്തേക്കെടുത്തത്.
ഉടനെ തന്നെ സ്വകാര്യ ആശുപത്രിയിലേക്കും കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും എത്തിച്ചുവെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. കാക്കൂർ പൊലീസ് ധനലഷ്മിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവെങ്കിലും ആദ്യം താനാണ് കുഞ്ഞിനെ കൊന്നതെന്ന് യുവതി സമ്മതിച്ചില്ല. എന്നാൽ പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു.