എത്ര നിറമുള്ള ചെടിയായാലും എത്ര ബലമുള്ള മരമായാലും അവയൊന്നും ശലഭങ്ങളെയോ കിളികളെയോ ചേക്കേറുവാൻ വേണ്ടത്ര ആകർഷിക്കുകയില്ല. എന്നാൽ നിറവും ബലവുമില്ലാത്തതാണെങ്കിലും അവയിൽ പൂവും കായുമുണ്ടായിരുന്നാൽ ശലഭങ്ങളും കിളികളും ആ മരത്തെയോ ചെടിയെയോ അന്വേഷിച്ചെത്തും. അതുപോലെതന്നെ എത്രവലിപ്പവും നിറവും മണവുമുള്ള ഒരു ചന്ദനക്കഷണം വെടിപ്പേറിയ ഒരു ബൗളിൽ വച്ചിരുന്നാലും അതിനെ ഒന്ന് മണത്ത് നോക്കുക പോലും ചെയ്യാതെ നിലത്തു വീണുകിടക്കുന്ന ഒരു തരി പഞ്ചസാരയിലേക്കാവും ഉറുമ്പിൻ കൂട്ടം നിരനിരയായെത്തുക.
ഇപ്പറഞ്ഞവയിൽ എന്ത് അസാധാരണത്വമാണുള്ളതെന്ന് ഒരുപക്ഷേ സംശയിച്ചേക്കാം. എന്നാൽ ഈ സാധാരണ കാഴ്ചയിൽ അസാധാരണമായൊരു മൂല്യബോധം മറഞ്ഞിരിപ്പുണ്ട്. അത് പ്രിയവും അപ്രിയവും തമ്മിലുള്ള ഒരു തിരിച്ചറിവിന്റെ ബോധമാണ്. പ്രകൃതിയിലെ എല്ലാ ജീവവർഗങ്ങളും ഈ പ്രിയാപ്രിയങ്ങൾക്കനുസൃതമായി ജീവിക്കണമെന്നതാണ് പ്രകൃതിയുടെ ചട്ടം. എന്നാൽ ഈ പ്രിയാപ്രിയങ്ങളെ സ്വയം തിരിച്ചറിയാനുള്ള ബോധത്തെ സൂക്ഷ്മമായി സ്രഷ്ടാവായ പൊന്നുതമ്പുരാൻ നിക്ഷേപിച്ചു വച്ചിരിക്കുന്നത് മനുഷ്യന്റെ മസ്തിഷ്കത്തിലാണ്. പക്ഷേ മനുഷ്യൻ ആ ദൈവനിക്ഷേപത്തെ നേരായി പിൻവലിക്കുന്നതിൽ പരാജയപ്പെട്ടവനായിത്തീരുന്നതായാണ് കാണുന്നത്. അതിന് കാരണം പ്രിയമായിരിക്കുന്ന സദ്വസ്തുവിനെ അറിയാതിരിക്കുന്നതും,അപ്രിയമായിരിക്കേണ്ടവയെ പ്രിയമാണെന്ന് കരുതി സ്വീകരിക്കുന്നതുമാണ് . ഇതിന് ഉദാഹരണങ്ങൾ നമ്മുടെ നിത്യജീവിതത്തിൽ ധാരാളമായിട്ടുണ്ട്. അതിൽ നിന്നൊന്നിനെ മാത്രം ഇവിടെ സൂചിപ്പിക്കാം.
ഒരാൾ വലിയ പഠിപ്പും ഉദ്യോഗവുമൊക്കെ നേടിയ ശേഷം തിരക്കുള്ള ഒരു പട്ടണത്തിലെത്തി നല്ല വില കൊടുത്ത് കുറച്ച് ഭൂമി വാങ്ങി. അവിടെ രണ്ടു നിലകളിലായി വലിയൊരു ബംഗ്ലാവ് നിർമ്മിച്ചു. നിലമ്പൂർ തേക്കും ഇറ്റാലിയൻ മാർബിളും ഒക്കെ വരുത്തി കെട്ടിടത്തിന്റെ ഈടും മോടിയും കൂട്ടി. മുറികളിലെല്ലാം കാശ്മീരിൽ നിന്നും വരുത്തിയ മുന്തിയ ഇനം പരവതാനി വിരിച്ചും ചുവരുകളിലെല്ലാം വിശ്വവിഖ്യാതരായ ചിത്രകാരൻമാരുടെ പ്രസിദ്ധമായ പെയിന്റിംഗുകൾ പതിച്ചും സർവരെയും ആകർഷിക്കും വിധം ആ കെട്ടിടമാകെ അലങ്കരിച്ചു. അങ്ങനെ മുറ്റത്തൊരു പൂന്തോട്ടവും നീന്തൽക്കുളവും കൂടി ചേർന്നപ്പോൾ അതൊരു രാജകീയസൗധമായി. പിന്നീട് സാമ്പത്തികോന്നതിയുള്ളൊരു കുടുംബത്തിൽ നിന്ന് വിവാഹവുമൊക്കെ കഴിച്ച് അയാൾ അവിടെ താമസമാക്കി. ഭൗതികമായ എല്ലാ സുഖസൗകര്യങ്ങളും അവിടെ ലഭ്യമായിരുന്നു. എന്നാൽ അവർക്കിടയിൽ വളരെ വേഗം സംശയത്തിന്റെ കാന്തമുനകൾ പൊന്തിവരാൻ തുടങ്ങി. അതോടെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അലകളുയർന്നു ആ കൊട്ടാരസമാനമായ ബംഗ്ലാവിനെയൊന്നാകെ പൊതിഞ്ഞു. ചുരുക്കത്തിൽ എല്ലാമുണ്ടായിട്ടും ഒന്നുമില്ലാത്ത എന്തോ ഒന്നുപോലെയായി ആ കൊട്ടാരം. വിലപിടിപ്പുള്ളതെല്ലാം വിലയില്ലാത്തതായിത്തീരുന്ന അനുഭവമാണത്.
സംശയം എപ്പോഴും അപ്രിയത്തിൽ നിന്നുണ്ടാകുന്നതാണ്. തീയിൽ നിന്നും ഉയരുന്ന പുകയെന്നപോലെയാണത്. അല്ലെങ്കിൽ രോഗഗ്രസ്തമായൊരു ശരീരം പോലെയാണ് അപ്രിയങ്ങൾ. അതായത് അപ്രിയങ്ങൾ നമ്മെ നാമല്ലാതാക്കുമെന്നർത്ഥം. എന്തൊക്കെയാണോ നമ്മെ നാമല്ലാതാക്കിത്തീർക്കുന്നതായിട്ടുള്ളത് അതെല്ലാം തന്നെ അപ്രിയങ്ങളുടെ വേരിൽ നിന്നും മുളച്ചു പൊന്തുന്നവയാണെന്നറിയണം. ഈയൊരറിവ് ഉണ്ടാകണമെങ്കിൽ അപ്രിയമെന്നാൽ എന്താണെന്ന അറിവ് ആദ്യമുണ്ടാകേണ്ടതുണ്ട്.
അപ്രിയമെന്നാൽ സാധാരണക്കാരന്റെ ഉള്ളിലുള്ള ധാരണ ഇഷ്ടമല്ലാത്തവയെന്നാണ്. അത് അപ്രിയത്തിന് നേരായ ഒരർത്ഥമല്ല. തന്നിൽ നിന്നും അന്യമായിട്ട് ഒന്നിനെ ഉണ്ടാക്കുന്നതെന്തോ അതെല്ലാമാണ് അപ്രിയങ്ങൾ. അത്തരം അപ്രിയങ്ങളെല്ലാം ഒടുങ്ങിക്കഴിയുമ്പോൾ അല്ലെങ്കിൽ ആ അപ്രിയങ്ങളിൽ നിന്നെല്ലാം മുക്തമായിക്കഴിയുമ്പോൾ ശേഷിക്കുന്നതെന്താണോ അതാണ് സർവ അപ്രിയങ്ങളെയും ഹരിച്ചുകളയുന്ന 'പ്രിയം". നമ്മിൽ നിന്നും അന്യമായ ഒന്നിനെ ഇല്ലാതാക്കുന്നത്. ആ പ്രിയതയിലേക്ക് നമ്മെയെല്ലാം ഒന്നിപ്പിക്കുന്നതാണ് ഗുരുക്കൻമാരുടെ വിശ്വദർശനങ്ങൾ. മന്ത്രങ്ങളുടെയും പ്രാർത്ഥനകളുടെയും ലക്ഷ്യവും മറ്റൊന്നല്ല. അതുകൊണ്ട് ഒരു പ്രിയത്തെയും നേടാൻ വേണ്ടിയാവരുത് നമ്മുടെ പ്രാർത്ഥനകൾ. മറിച്ച് എല്ലാ പ്രിയങ്ങൾക്കും ആധാരമായി നിലകൊള്ളുന്ന ഒരു പ്രിയമുണ്ട്. അതാണ് ആത്മപ്രിയം. ആ ആത്മപ്രിയത്തിലേക്ക് നമ്മെ മാറ്റിയെടുക്കാനുള്ളതാവണം നമ്മുടെ പ്രാർത്ഥനകൾ. സമസ്ത മനുഷ്യരിലും മാറാതെ നിലകൊള്ളുന്ന എല്ലാ അപ്രിയങ്ങളെയും നിഷ്പ്രഭമാക്കുന്നതെന്തോ അതാണ് ഈ ആത്മപ്രിയം.
ആത്മോപദേശ ശതകത്തിലെ 20, 21 പദ്യങ്ങളിലൂടെ ഗുരുദേവ തൃപ്പാദങ്ങൾ വെളിവാക്കുന്നത് പ്രിയാപ്രിയങ്ങളുടെ ദാർശനിക മണ്ഡലവും അതിനുള്ളിലെ ആത്മപ്രിയമെന്ന ആത്മതത്വവുമാണ്.
പ്രിയമൊരു ജാതിയിതെൻ പ്രിയം ത്വദീയ
പ്രിയമപര പ്രിയമെന്നനേകമായി
പ്രിയവിഷയം പ്രതി വന്നിടും ഭ്രമം തൻ-
പ്രിയമപര പ്രിയമെന്നറിഞ്ഞിടേണം.
ഇപ്രകാരം എന്റെയും നിങ്ങളുടെയും പ്രിയം വേറുവേറാണെന്ന് ചിന്തിക്കാതെ ആത്മപ്രിയതയിലൊന്നായി സ്വജീവിതത്തെ അഭിമുഖീകരിക്കാനായാൽ ഒരപ്രിയത്തിനും ഒരു സംശയത്തിനും നമ്മെ ദുർബലപ്പെടുത്താനാവില്ല. കുടിലായാലും കൊട്ടാരമായാലും അതൊരു വീടായി, കുടുംബമായി പരിണമിക്കുന്നത് അപ്പോഴാണ്. അവിടമാണ് ഇമ്പവും ആനന്ദവും ഒന്നായി ചേർന്ന് വീട് ശാന്തിയുടെ ഒരു നിലയമായിത്തീരുന്നത്.