കോഴിക്കോട്: കല്ലുത്താൻ കടവ് നിവാസികൾ ഇന്ന് ഏറെ സന്തോഷത്തിലാണ്. വർഷങ്ങളായി പറഞ്ഞുകേട്ട ഫ്ലാറ്റ് സമുച്ചയം യാഥാർത്ഥ്യമായിരിക്കുകയാണ്. ഫ്ളാറ്റിന്റെ താക്കോൽ ഏറ്റുവാങ്ങിയപ്പോൾ എഴുപതുകാരി സരോജിനി ഗോവിന്ദൻ അറിയാതെ വിതുമ്പി. കണ്ണീരണിഞ്ഞ കണ്ണിലേക്കുനോക്കി മുഖ്യമന്ത്രി ആശ്വസിപ്പിച്ചു, ‘‘കരയൊന്നും വേണ്ട... ഇപ്പോ സന്തോഷായില്ലേ...’’. ഒരു ചെറു ചിരിയോടെ സരോജിനി താക്കോൽ നെഞ്ചോട് ചേർത്തു. ദുരിതക്കയത്തിൽ നിന്നും കരകയറിയതിന്റെ സന്തോഷത്തിലാണ് ഏല്ലാവരും.
കോളനിയിലെ 88 കുടുംബങ്ങൾ യാതൊരു സുരക്ഷിതത്വവും ഇല്ലാതെ ചോർന്ന് ഒലിക്കുന്ന ചെറ്റകുടിലുകളിലാണ് പെൺകുട്ടികളുമായി കഴിഞ്ഞ് കൂടിയത്. ഒരോ ഓണത്തിനും ഫ്ലാറ്റ് നിർമ്മാണം പൂർത്തിയാകുമെന്ന് പറഞ്ഞു കേട്ടതല്ലാതെ പ്രശ്ന പരിഹാരം ഉണ്ടായിരുന്നില്ല. എന്നാൽ, ഇടത് സർക്കാർ ആ വാക്ക് പാലിച്ചു. കഴിഞ്ഞ ദിവസം ആ പ്രഖ്യാപനം യാഥാർത്ഥ്യമായി. കോളനിക്ക് പുറത്തുള്ള 52 കുടുംബങ്ങൾക്ക് ഉൾപ്പെടെ140 കുടുംബങ്ങൾക്കാണ് സർക്കാർ ഫ്ലാറ്റ് ഒരുക്കിയിരിക്കുന്നത്.
നാടിന്റെ വികസന പ്രവർത്തനങ്ങൾക്കായി സ്വകാര്യ സംരംഭകരുടെ സഹായം തേടുന്നത് ഗുണകരമായി കാണണമെന്ന് ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജൻ പറഞ്ഞു. മറ്റ് പല കാര്യങ്ങളിലും കേരളം മുന്നിലാണെങ്കിലും സാമ്പത്തിക കാര്യത്തിൽ ഇന്നും പിന്നിലാണ്. രാജ്യം കടുത്ത പ്രതിസന്ധി നേരിടുമ്പോൾ ഇത്തരം പദ്ധതികൾ വേണ്ടെന്നുവച്ചാൽ നാടിന് ഗുണകരമായ പദ്ധതികൾ നഷ്ടമാകും. കാഡ്‌ക്കോയുടെ സഹായത്തോടെ 60 കോടി രൂപ മുതൽ മുടക്കിയാണ് കല്ലുത്താൻ കടവ് ഭവന പദ്ധതിയും പുതിയ മാർക്കറ്റ് നിർമ്മാണവും നടക്കുന്നത്.
12 കോടി രൂപയാണ് ഫ്‌ളാറ്റ് നിർമാണത്തിന് വിനിയോഗിച്ചത്. ബാക്കി തുക അന്താരാഷ്ട്ര നിലവാരത്തിലുള്ള പഴം പച്ചക്കറി മാർക്കറ്റ് നിർമ്മാണത്തിന് വിനിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കല്ലുത്താൻ കടവ് കോളനിയിലെ 87 കുടുംബങ്ങൾ, സത്രം കോളനിയിലെ 27 കുടുംബങ്ങൾ, 13 ധോബിവാല കുടുംബങ്ങൾ എന്നിവരാണ് പുതിയ സമുച്ചയത്തിലേക്ക് മാറുന്നത്. ചേരി പുനരധിവാസ പദ്ധതിയിൽ ഫ്ളാറ്റ് സമുച്ചയം നിർമിക്കാൻ മുൻകൈ എടുത്ത നഗരസഭയെ മുഖ്യമന്ത്രി അഭിനന്ദിച്ചു.