kozhikode

ബാലുശ്ശേരി: കോട്ട് ധരിച്ചെത്തിയ അജ്ഞാതൻ യുവതിയെ ആക്രമിച്ചു. കിനലൂർ എസ്റ്റേറ്റിന് സമീപം കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം. പരിക്കേറ്റ യുവതി ബഹളംവച്ചതോടെ അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ സ്ത്രീ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.


ദിവസങ്ങൾക്ക് മുമ്പ് ഏഴുകണ്ടിയിൽ​ വയോധിക തനിച്ച് താമസിക്കുന്ന വീട്ടിലും ഇത്തരത്തിൽ കോട്ടിട്ട അജ്ഞാതൻ എത്തി ആക്രമിച്ചിരുന്നു. കൂടാതെ മദ്രസയിൽ പോകുന്ന ഒരു വിദ്യാർത്ഥിയുടെ ചിത്രമെടുക്കാനും മുമ്പ് ഒരാൾ ശ്രമിച്ചിരുന്നു. കുട്ടി ബഹളംവച്ചതിനെത്തുടർന്ന് അയാൾ അവിടെനിന്നും കടന്നുകളയുകയായിരുന്നു.

കിനാലൂർ മേഖലകളിലെ വീടുകളിൽ വ്യാപകമായി സിസി അടയാളം കണ്ടതിന് പിന്നാലെയാണ് ആക്രമണം. ആക്രമിക്കപ്പെട്ട യുവതിയുടെ വീട്ടിലെ ചുമരിലും ഇത്തരത്തിൽ അവ്യക്തമായ എഴുത്തുകൾ കണ്ടിരുന്നു. അതേസമയം,​ ഇതിന്റെയെല്ലാം പിന്നിൽ ഒരാൾ തന്നെയാണോയെന്ന് വ്യക്തമല്ല. സ്ത്രീകളും കുട്ടികളുമുൾപ്പെടെ ഭയത്തോടെയാണ് ജീവിക്കുന്നത്. നാട്ടുകാർ ജാഗ്രത സമിതി രൂപീകരിച്ച് പ്രവർത്തനം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്.