ഇസ്ലാമബാദ്: അഫ്ഗാൻ സേനയുമായി ഏറ്റുമുട്ടിയ പാകിസ്ഥാൻ സേനയ്ക്ക് സംഭവിച്ചത് വൻ തിരിച്ചടി. ചിത്രാൽ ജില്ലയിലെ ഖൈബർ-പഖ്‌തുൻഖ്‌വായിൽ വച്ചാണ് ഇരു രാജ്യങ്ങളുടെയും സൈനികർ തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടായത്. പാകിസ്ഥാനി സായുധ സേനയുടെ മാദ്ധ്യമ വിഭാഗമായ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് ആണ് ഈ വാർത്ത പുറത്തുവിട്ടത്. ആക്രമണത്തിൽ ആറ് പാകിസ്ഥാനി സൈനികർക്ക് ഗുരുതരമായ പരിക്ക് സംഭവിച്ചിട്ടുണ്ടെന്നും തങ്ങളുടെ അഞ്ച് പൗരന്മാർക്ക് ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിട്ടുണ്ടെന്നും ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് പറയുന്നു. മോർട്ടാറുകളും ഉയർന്ന ഗ്രേഡിലുള്ള മെഷീൻ ഗണ്ണുകളുമാണ് അഫ്ഗാൻ സേന പാകിസ്ഥാൻ ആർമിക്കെതിരെ പ്രയോഗിച്ചതെന്നും ഐ.എസ്.പി.ആർ പറയുന്നു.
കുനാർ പ്രവിശ്യയിലെ നാരി ജില്ലയിൽ നിന്നുമാണ് അഫ്‌ഗാ സേന ആക്രമണം അഴിച്ചുവിട്ടത്. ആക്രമണം ആരംഭിച്ച അഫ്‌ഗാൻ പോസ്റ്റിൽ വച്ച് പാകിസ്ഥാനി സേന തിരിച്ചടിച്ചുവെങ്കിലും പാക് സേനയ്ക്ക് അഫ്ഗാൻ ട്രൂപ്പുകളുടെ കനത്ത ആക്രമണത്തിൽ പിടിച്ചു നിൽക്കാനാകാതെ വരികയും അവർക്ക് കാര്യമായ നാശം സംഭവിക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാനുമായുള്ള അതിർത്തി പാകിസ്ഥാൻ വേലി കെട്ടിതിരിച്ചിരുന്നു. പാകിസ്ഥാന്റെ നീക്കങ്ങൾ അഫ്‌ഗാനിസ്ഥാനും നിരീക്ഷിച്ച് വരികയായിരുന്നു. 1890കളിൽ ബ്രിട്ടീഷുകാരുടെ കാലത്ത് നിലവിൽ വന്ന 'ടുറാൻഡ് ലൈനി'ന്റെ കാര്യത്തിൽ പാകിസ്ഥാനും അഫ്‌ഗാനിസ്ഥാനും തമ്മിൽ നിലനിൽക്കുന്ന തർക്കം ഇപ്പോൾ രൂക്ഷമായിട്ടുണ്ട്. അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ഭരണകൂടത്തെ പാകിസ്ഥാൻ പിന്താങ്ങിയിരുന്നു.