mob-lynching-

ലക്നൗ: 40കാരനെ ക്രൂരമായി മർദ്ദിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയെന്ന് ആരോപിച്ചാണ് നിസാർ ഖുറേഷി എന്നയാളെ ബുധനാഴ്ച ഒരുസംഘമാളുകൾ മർദ്ദിച്ചുകൊലപ്പെടുത്തിയത്. യു.പിയിലെ ഫത്തേപുർ ജില്ലയിലാണ് സംഭവം. കമ്പിയും വടിയും കൊണ്ടുള്ള അടിയേറ്റാണ് ഖുറേഷി കൊല്ലപ്പെട്ടത്. ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. സംഭവത്തിൽ ഒസാമ, അബ്ദുൽ ഖുറേഷി, സൽമാൻ, റഫീഖ്, ഷാനവാസ് എന്നിവരാണ് അറസ്റ്റിലായത്. മരിച്ച ഖുറേഷിയുടെ ഭാര്യ അഫ്സാരിയുടെ ബന്ധുക്കളാണ് ഇവരെല്ലാം.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പിന്നീട് പ്രതികളെ അറസ്റ്റു ചെയ്തത്. ചണ്ഡിഗഢ് സ്വദേശിയായ ഖുറേഷി ഫത്തേപ്പുരിലുള്ള ഭാര്യവീട്ടിലെത്തി ഭാര്യയെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. വാക്കുതർക്കത്തിനിടെ ഖുറേഷി ഭാര്യയെ മഴു ഉപയോഗിച്ച് വെട്ടി. തടയാൻ ശ്രമിച്ച ഭാര്യാമാതാവിനും ഭാര്യയുടെ സഹോദരിക്കും പരിക്കേറ്റു. സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഖുറേഷി ആക്രമണത്തിന് ഇരയായെന്നാണ് പൊലീസ് പറയുന്നത്. ഖുറേഷിയുടെ സഹോദരൻ ഇസ്ഹാക്ക് 150 ഓളം പേർക്കെതിരെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഖുറേഷിയുടെ തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റെന്നും അസ്ഥികളടക്കം ആക്രമണത്തിൽ തകർന്നിരുന്നതായും പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ പറയുന്നു.