എസ്.യു.വി ലുക്കുമായി വന്ന്, സാധാരണക്കാരന്റെ പ്രിയ വാഹന ബ്രാൻഡായി മാറിയ എൻട്രി ലെവൽ മോഡലാണ് റെനോയുടെ ക്വിഡ്. ബഡ്‌ജറ്റ് വാഹന ശ്രേണിയിൽ ഇന്ത്യയിൽ പുത്തൻ തരംഗത്തിന് തന്നെ തുടക്കമിടാൻ ക്വിഡിന് സാധിച്ചു. ക്വിഡിന്റെ പരിഷ്‌കരിച്ച പതിപ്പുകൾ ഇടവേളകളിൽ വിപണിയിൽ എത്തി. എങ്കിലും, കാതലായ മാറ്റങ്ങളോടെ എത്തുന്ന പുത്തൻ പതിപ്പാണ് ക്വിഡ് ഫേസ്‌ലിഫ്‌റ്ര് ക്ളൈംബർ.
പുറംമോടിയിലും കാബിനിലും ഫീച്ചറുകളിലും ക്വിഡ് ഫേസ്‌ലിഫ്‌റ്റിൽ മാറ്റങ്ങൾ കാണാം. ബി.എസ്-4 എമിഷൻ ചട്ടങ്ങൾ അനുശാസിക്കുന്ന 54 എച്ച്.പി കരുത്തുള്ള, 0.8 ലിറ്രർ പെട്രോൾ എൻജിൻ, 68 എച്ച്.പി കരുത്തുള്ള, 1.0 ലിറ്റർ പെട്രോൾ എൻജിൻ എന്നിവയാണ് ക്വിഡിനുള്ളത്. നേരത്തേ സൂചിപ്പിച്ചതു പോലെ, എസ്.യു.വി എന്നു തോന്നിപ്പിക്കുന്ന ലുക്കാണ് ക്വിഡിനെ ഏവർക്കും ആകർഷകമാക്കിയത്. ഫേസ്‌ലിഫ്‌റ്രിലേക്ക് എത്തുമ്പോഴുള്ള മാറ്റങ്ങളും ആകർഷകമാണ്.
എൽ.ഇ.ഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളോട് (ഡി.ആർ.എൽ) കൂടിയ പുത്തൻ സ്‌പ്ളിറ്റ് ഹെഡ്‌ലാമ്പ്, ഇതിൽ മെയിൻലാമ്പ് താഴ് ഭാഗത്താണ്. ഫ്രഷ് ലുക്കുള്ള, പുത്തൻ ട്രെൻഡുകളോട് നീതി പുലർത്തുന്നതുമായ ഡി.ആർ.എൽ എല്ലാ വേരിയുകളിലും സ്‌റ്രാൻഡേർഡായുണ്ട്. മെയിൻ ഹെഡ്‌ലാമ്പിന് കറുപ്പ് അതിർവരമ്പുകളുണ്ട്. അതിനുചുറ്റുമായി ഓറഞ്ച് അതിരുകളും കാണാം.
ടയറുകൾ 13ൽ നിന്ന് 14 ഇഞ്ചായി മാറ്രിയിരിക്കുന്നു. ഗ്രൗണ്ട് ക്ളിയറൻസും 184 എം.എംലേക്ക് ഉയർത്തിയിട്ടുണ്ട്. ഗ്രേ നിറത്തിൽ മികച്ച പ്ളാസ്‌റ്രിക് കവറുകൾ നൽകി വീലുകളെ മനോഹരവും ആക്കിയിരിക്കുന്നു. ക്വിഡിന്റെ ഈ പുത്തൻ മോഡൽ മുൻഗാമിയേക്കാൾ 52 എം.എം വരെ നീളക്കൂടുതലും 40 കിലോഗ്രാം വരെ ഭാരക്കൂടുതലും കൈവരിച്ചിട്ടുണ്ട്. പുത്തൻ ബമ്പറുകളാണ് നീളക്കൂടുതലിന് വഴിയൊരുക്കിയതെങ്കിൽ, ഭാരവർദ്ധനയ്ക്ക് വഴിതെളിച്ചത് പുത്തൻ ക്രാഷ് ടെസ്‌റ്രിനും മറ്റ് സേഫ്‌റ്രി ചട്ടങ്ങൾക്കും അനുസൃതമായി വാഹനത്തിന്റെ സ്‌ട്രക്‌ചർ പരിഷ്‌കരിച്ചതാണ്.
ആകർഷകമായ ഡിജിറ്റൽ ഇൻസ്‌ട്രുമെന്റ് ക്ളസ്‌റ്രർ, ലെതറിൽ പൊതിഞ്ഞ സ്‌റ്രിയറിംഗ് വീൽ, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ എട്ടിഞ്ച് ഇൻഫോടെയ്ൻമെന്റ് സംവിധാനം എന്നിവയാണ് അകത്തളത്തിലെ മുഖ്യാകർഷണങ്ങൾ. ഡാഷ്ബോർഡ് ഡിസൈനിലും ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പിൻസീറ്റുകാർക്ക് ആവശ്യത്തിനുള്ള ഹെഡ്-ലെഗ് റൂമുകൾ നൽകിയിട്ടുണ്ട്. സെന്റർ ആംറെസ്‌റ്റും മികവാണ്. 279 ലിറ്രറാണ് ബൂട്ട്‌സ്‌പേസ്.
എ.ബി.എസ്., ഡ്രൈവർ എയർബാഗ്, റിവേഴ്‌സ് പാർക്കിംഗ് സെൻസർ, സ്‌പീഡ് വാണിംഗ് സിസ്‌റ്രം, സീറ്ര് ബെൽറ്ര് റിമൈൻഡർ എന്നിവ സ്‌റ്റാൻഡേർഡായുണ്ട്. പാസഞ്ചർ എയർബാഗ് പെയ്‌ഡ്-ഓപ്‌ഷനായും ലഭ്യമാണ്. തുടക്കക്കാർക്കും കുടുംബ യാത്രകൾക്കും അനുയോജ്യമായ വിധമാണ് ഡ്രൈവിംഗ് സൗകര്യം സജ്ജമാക്കിയിരിക്കുന്നത്. അത്, സുഖപ്രദവുമാണ്.
0.8 ലിറ്റർ എൻജിൻ 22.30 കിലോമീറ്ററും 1.0 ലിറ്റർ എം.ടി വേരിയന്റ് 21.70 കിലോമീറ്ററും എ.എം.ടി വേരിയന്റ് 22.50 കിലോമീറ്ററും മൈലേജ് അവകാശപ്പെടുന്നു. 2.83 ലക്ഷം രൂപ മുതൽ 4.92 ലക്ഷം രൂപവരെയാണ് ഫേസ്‌ലിഫ്‌റ്രിന് ന്യൂഡൽഹി എക്‌സ്‌ഷോറൂം വില.