maharashtra-

 എൻ.സി.പിയെയും കോൺഗ്രസിനെയും കൂടെക്കൂട്ടുമെന്ന് ശിവസേന
 സർക്കാരിന്റെ കാലാവധി എട്ടിന് അവസാനിക്കും

മുംബയ്:മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി പദത്തിന്റെ പേരിൽ അനിശ്ചിതത്വം തുടരുന്നതിനിടെ, തങ്ങളുടെ നിബന്ധനകൾ ബി. ജെ. പി അംഗീകരിച്ചില്ലെങ്കിൽ മറ്റുവഴികൾ തേടുമെന്ന് ശിവസേന നിലപാട് കടുപ്പിച്ചു.

'സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഇതുവരെ ചർച്ചകളൊന്നും നടന്നിട്ടില്ല. ഇനി ചർച്ച നടന്നാൽ അത് മുഖ്യമന്ത്രി പദത്തെ കുറിച്ച് മാത്രമായിരിക്കും'- സേന നേതാവ് സഞ്ജയ് റൗട്ട് വ്യക്തമാക്കി. മുഖ്യമന്ത്രിസ്ഥാനം പങ്കിടാൻ ബി.ജെ.പി തയ്യാറായില്ലെങ്കിൽ, കോൺഗ്രസുമായും എൻ.സി.പിയുമായും ബന്ധമുണ്ടാക്കുമെന്ന സൂചന നൽകുന്നതായിരുന്നു ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലെ കഴിഞ്ഞ ദിവസത്തെ മുഖപ്രസംഗം.

''കോൺഗ്രസിന്റെ 44 എം.എൽ.എമാരും എൻ.സി.പിയുടെ 54 എം.എൽ.എമാരും കുറച്ച് സ്വതന്ത്രരുമായി ചേർന്ന് സേനയ്ക്ക് സർക്കാരുണ്ടാക്കാനാകും. അപ്പോൾ സേനയ്ക്ക് സ്വന്തം മുഖ്യമന്ത്രിയെ അവതരിപ്പിക്കാം. അതിനായി സ്വതന്ത്ര പ്രത്യയശാസ്ത്രമുള്ള മൂന്ന് പാർട്ടികൾ എല്ലാവർക്കും സ്വീകാര്യമായ നയങ്ങൾ രൂപീകരിക്കണം. മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം കൊണ്ടുവരാൻ ബി.ജെ.പി ശ്രമിച്ചാൽ അതാകും ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പരാജയം"- സേന മുഖപത്രത്തിൽ വ്യക്തമാക്കി.

ഈമാസം 7നു മുൻപ് സർക്കാരുണ്ടാക്കിയില്ലെങ്കിൽ രാഷ്ട്രപതി ഭരണം വരുമെന്ന് ബി.ജെ.പി മന്ത്രി സുധീർ മുൻഗന്തിവാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം, ദേവേന്ദ്ര ഫട്നാവിസ് തന്നെ അടുത്ത അഞ്ച് കൊല്ലം മുഖ്യമന്ത്രിയായി തുടരണം എന്ന വാശിയിലാണ് ബി.ജെ.പി.

അതേസമയം, കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാർ ഇന്ന് കൂടിക്കാഴ്ച നടത്തും. സർക്കാർ രൂപീകരിക്കാൻ ശിവസേനയെ പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിച്ച് കോൺഗ്രസ് എം.പിയും പാർട്ടിയുടെ ന്യൂനപക്ഷ വിഭാഗം നേതാവുമായ ഹുസൈൻ ദൽവായി സോണിയാ ഗാന്ധിക്കു നേരത്തേ കത്തെഴുതിയിരുന്നു.