തിരുവനന്തപുരം : ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വിനീതിനും സംസ്ഥാന കമ്മിറ്റി അംഗം പ്രതിൻ സാജ് കൃഷ്ണയ്ക്കും നേരെയുണ്ടായ ആർ.എസ്.എസ് ആക്രമണം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെകട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ബോധപൂർവമായ പ്രവർത്തനത്തിന്റെ ഭാഗമാണ് ഇന്നലെ മണികണ്ഠേശ്വരത്തു നടന്നത്. ഡി.വൈ.എഫ്.ഐ സ്ഥാപക ദിനത്തോടനുബന്ധിച്ച് പതാക ഉയർത്തിയ കൊടിമരം ആർ.എസ്.എസുകാർ നശിപ്പിക്കുകയും യൂണിറ്റ് ഭാരവാഹികളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് നടന്ന പ്രതിഷേധ പ്രകടനത്തിലേക്ക് ആക്രമണം അഴിച്ച് വിടുകയായിരുന്നു. ആർ.എസ്.എസ് സ്വാധീന മേഖലകളിൽ മറ്റു സംഘടനകൾക്ക് സംഘടനാ സ്വാതന്ത്ര്യം അനുവദിക്കില്ലെന്ന ഫാസിസ്റ്റ് നിലപാട് അംഗീകരിക്കാനാകില്ലെന്നും അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.