hunger-strike

ഇടുക്കി: ഇടുക്കി ജില്ലയിലെ കർഷകരുടെ പട്ടയം റദ്ദാക്കൽ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് രാവിലെ 11 മുതൽ മൂന്ന് വരെ സെക്രട്ടേറിയറ്റിന് മുമ്പിൽ ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ ഉപവസിക്കും. ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താതെ കർഷകർക്ക് ദ്രോഹകരമായി തീരുന്ന നിയമം സൃഷ്ടിച്ച് ജില്ലയിൽ നിന്ന് ജനങ്ങളെ ഇറക്കിവിടാൻ ശ്രമിക്കുന്ന ഇടത് നയത്തിനെതിരെയും 1964 ലെ ഭൂപതിവ് ചട്ടം കാലോചിതമായി മുൻകാല പ്രാബല്യത്തോടെ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടുമാണ് സമരം. സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.ഡീൻ കുര്യാക്കോസ് എം.പി മുഖ്യാതിഥിയായിരിക്കും. 2.30ന് ചേരുന്ന സമാപന യോഗം കോൺഗ്രസ് പാർലമെന്ററി പാർട്ടി ഉപനേതാവ് കെ.സി.ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സമഗ്ര പരിഹാര നിർദ്ദേശങ്ങൾ അടങ്ങുന്ന നിവേദനം ഡി.സി.സി പ്രതിപക്ഷ നേതാവ് വഴി മുഖ്യമന്ത്രിക്ക് സമർപ്പിക്കും. കോൺഗ്രസ് നേതാക്കളായ എ.കെ.മണി, ഇ.എം.ആഗസ്തി, എം.ടി.തോമസ്, ജോയി തോമസ്, റോയി.കെ.പൗലോസ്, എസ്.അശോകൻ, പി.പി.സുലൈമാൻ റാവുത്തർ, എം.കെ. പുരുഷോത്തമൻ, സി.പി.മാത്യു എന്നിവർ പങ്കെടുക്കും.