ന്യൂഡൽഹി : ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ്. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഫോൺചോർത്തിയെന്ന് കോൺഗ്രസ് പ്രത്യേക വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ചോർച്ച സ്ഥിരീകരിച്ച് വാട്സാപ്പിൽനിന്ന് അറിയിപ്പ് ലഭിച്ചെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സർജേവാല വ്യക്തമാക്കി. ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട തെളിവുകളും സർജേവാല പുറത്തുവിട്ടു. ഇന്ത്യയിലെ മനുഷ്യാവകാശ പ്രവർത്തകരും രാഷ്ട്രീയനേതാക്കളും ഉൾപ്പെടെ 121 പേരുടെ വിവരങ്ങൾ കേന്ദ്രസർക്കാർ ചോർത്തിയെന്നാണ് കോൺഗ്രസിന്റെ ആരോപണം.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഫോൺ ചോർത്തൽ നടന്നതെന്നും പ്രഫുൽ പട്ടേൽ, മമതാ ബാനർജി തുടങ്ങി പ്രതിപക്ഷ നിരയിലെ പ്രമുഖരുടെയും ഫോൺ ചോർത്തിയതായി കോൺഗ്രസ് ആരോപിക്കുന്നു.
ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ബി.ജെ.പിക്കെതിരെ പ്രിയങ്ക കടുത്ത വിമർശനമുയർത്തിയിരുന്നു. മാദ്ധ്യമപ്രവർത്തകരുടെയും അഭിഭാഷകരുടെയും ആക്ടിവിസ്റ്റുകളുടെയും ഫോണിലേക്ക് അനാവശ്യമായി ഇടപെടാൻ ബി.ജെ.പിയോ സർക്കാരോ ഇസ്രയേലി ഏജൻസികളെ നിയോഗിച്ചിട്ടുണ്ടെങ്കിൽ അത് മനുഷ്യാവകാശങ്ങളുടെ കടുത്ത ലംഘനമാണെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ്. ദേശീയ സുരക്ഷയെ
ബാധിക്കുന്ന ഗുരുതരമായ അഴിമതിയാണെന്നും. വിഷയത്തിൽ സർക്കാരിന്റെ പ്രതികരണത്തിനായി കാത്തിരിക്കുന്നുവെന്നും പ്രിയങ്ക പറഞ്ഞിരുന്നു.