തൃശൂർ: ‘ഇൗ തൃശൂർ എനിക്ക് വേണം, ഇൗ തൃശൂർ നിങ്ങൾ എനിക്ക് തരണം, ഇൗ തൃശൂർ ഞാനിങ്ങ് എടുക്കുവാ. ലോകസഭ തിരഞ്ഞടുപ്പ് പ്രചാരണ സമയത്ത് സോഷ്യൽ മീഡിയയിൽ വൈറലായ സുരേഷ് ഗോപിയുടെ ഡയലോഗാണിത്. സ്ഥാനാർത്ഥിയായിരുന്ന സുരേഷ് അന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് പറഞ്ഞതെങ്കിലും ഇപ്പോൾ തൃശൂരിനെ ഒരു ഗ്രാമം ദത്തെടുത്തിരിക്കുകയാണ് താരം.
തൃശൂരിലെ ഒരു ഗ്രാമം ദത്തെടുക്കുകയാണെന്ന് അദ്ദേഹത്തിന്റെ ആരാധക കൂട്ടായ്മയുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. ഇക്കാര്യം വ്യക്തമാക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ദത്തെടുത്ത ഗ്രാമം ഏതാണെന്ന് കാണികളോട് പറയാനും സുരേഷ് ഗോപി ആവശ്യപ്പെടുന്നുണ്ട്. തൃശൂരിലെ അവിനിശ്ശേരി പഞ്ചായത്താണ് സുരേഷ് ഗോപി ദത്തെടുത്തിരിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചനകൾ.
നിരവധി പദ്ധതികളാണ് ഗ്രാമത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് നാശത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്ന ഒരു കുളത്തെ തിരികെ കൊണ്ടുവരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മികച്ച ഒരു ഫുഡ്കോപ്ലക്സ് വേണ്ടി എം.പി ഫണ്ടിൽ നിന്നും ഒരു കോടി രൂപ നൽകും. തൃശൂരിന് അഭിമാനകരമാവുന്ന കാര്യങ്ങൾ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.