ന്യൂഡൽഹി: ലയനത്തിന്റെ ഭാഗമായി കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 26 പൊതുമേഖലാ ബാങ്കുകൾ പൂട്ടിയത് മൊത്തം 3,400 ശാഖകൾ. ഇതിൽ 75 ശതമാനം ശാഖകളും എസ്.ബി.ഐയുടേതാണെന്നും റിസർവ് ബാങ്ക് വിവരാവകാശം പ്രകാരം നൽകിയ മറുപടി വ്യക്തമാക്കുന്നു. 2014-15ൽ 90, 2015-16ൽ 126, 2016-17ൽ 253, 2017-18ൽ 2083, 2018-19ൽ 875 എന്നിങ്ങനെ ശാഖകളാണ് പൂട്ടിയത്.
പൊതുമേഖലയിലെ പത്തു പ്രമുഖ ബാങ്കുകളെ കൂടി ലയിപ്പിച്ച്, വലിയ നാലു ബാങ്കുകൾ സൃഷ്‌ടിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം പുരോഗമിക്കവേയാണ് റിസർവ് ബാങ്കിൽ നിന്ന് വിവരാവകാശ പ്രകാരമുള്ള റിപ്പോർട്ട് ലഭ്യമായത്. 2017 ഏപ്രിൽ ഒന്നിനാണ് സ്‌റ്രേറ്ര് ബാങ്ക് ഒഫ് ബാങ്ക് ട്രാവൻകൂർ (എസ്.ബി.ടി), സ്‌റ്രേറ്ര് ബാങ്ക് ഒഫ് ബിക്കാനീർ ആൻഡ് ജയ്‌പൂർ, സ്‌റ്രേറ്ര് ബാങ്ക് ഒഫ് ഹൈദരാബാദ്, സ്‌റ്രേറ്ര് ബാങ്ക് ഒഫ് മൈസൂർ, സ്‌റ്രേറ്ര് ബാങ്ക് ഒഫ് പട്യാല എന്നീ അസോസിയേറ്ര് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും എസ്.ബി.ഐയിൽ ലയിച്ചത്.
ലയനം എസ്.ബി.ഐയുടെ 2,568 ശാഖകളെ ബാധിച്ചുവെന്ന് റിപ്പോർട്ടിലുണ്ട്. കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് വിജയ ബാങ്ക്, ദേന ബാങ്ക് എന്നിവയെ ബാങ്ക് ഒഫ് ബറോഡയിൽ ലയിപ്പിച്ചത്.