റിയാദ്: ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി ആരാംകോയുടെ പ്രാരംഭ ഓഹരി വില്‌പനയ്ക്ക് (ഐ.പി.ഒ)​ സൗദി അറേബ്യൻ ഭരണകൂടത്തിന്റെ പച്ചക്കൊടി. ഐ.പി.ഒയുടെ പ്രോസ്‌പെക്‌ടസ് നവംബർ ഒമ്പതിന് പുറത്തിറക്കുമെന്ന് സൗദി ആരാംകോ സി.ഇ.ഒ അമിൻ നാസർ പറഞ്ഞു.

2016ലാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ആരാംകോയുടെ ഓഹരികൾ രാജ്യത്തെ ഓഹരി വിപണിയിൽ ലിസ്‌റ്ര് ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയായ ആരാംകോയ്ക്ക് അന്ന് കണക്കാക്കിയ മൂല്യം രണ്ടുലക്ഷം കോടി ഡോളറാണ്. നിലവിൽ,​ ചില ധനകാര്യ സ്ഥാപനങ്ങൾ കണക്കാക്കുന്ന മൂല്യം 1.5 ലക്ഷം കോടി ഡോളറാണ്. എങ്കിലും മൈക്രോസോഫ്‌റ്ര്,​ ആപ്പിൾ തുടങ്ങിയ കമ്പനികളേക്കാൾ 50 ശതമാനം അധികമാണിത്. ഇവയുടെ മൂല്യം ഒരുലക്ഷം കോടി ഡോളറാണ്.

ഐ.പി.ഒയുടെ സമയം ആരാംകോ പ്രഖ്യാപിച്ചിട്ടില്ല. കമ്പനിയുടെ രണ്ടു മുതൽ അഞ്ചു ശതമാനം വരെ ഓഹരികളാകും സൗദി അറേബ്യ വിറ്റഴിക്കുക. ഇതിലൂടെ കുറഞ്ഞത് 4,​000 കോടി ഡോളർ സമാഹരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. സമാഹരണം 2,​500 കോടി ഡോളർ കവിഞ്ഞാൽ തന്നെ 2014ൽ ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനി കുറിച്ച റെക്കാഡ് മറികടന്ന്,​ അത് ലോകത്തെ ഏറ്രവും വലിയ ഐ.പി.ഒ ആയിമാറും. നിലവിൽ ക്രൂഡോയിൽ ആണ് സൗദി അറേബ്യയുടെ പ്രധാന വരുമാന സ്രോതസ്. മറ്റു വരുമാന മാർഗങ്ങൾ സൃഷ്‌ടിക്കാനുള്ള പണം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ആരാംകോയുടെ ഓഹരി വില്‌പന.