satyapal-

പനജി: ജമ്മുകാശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് ഗോവ ഗവർണറായി ഇന്നലെ സത്യപ്രതിഞ്ജ ചെയ്തു. പനജിയിലുള്ള രാജ്ഭവനിൽ നടന്ന ചടങ്ങിൽ മുംബയ് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് പ്രദീപ് നദ്രജോഗ് സത്യവാചകം ചൊല്ലിക്കൊടുത്തു. കഴിഞ്ഞ ഒക്‌ടോബർ 25നാണ് പ്രസിഡന്റ് രാം നാഥ് കോവിന്ദ് മാലിക്കിനെ ഗോവ ഗവർണറായി നിയമിക്കുന്നത്. ആഗസ്റ്റ് 31ന് കാലാവധി പൂർത്തിയാക്കിയ മൃദുല സിൻഹയ്ക്ക് പകരമാണ് മാലിക് സ്ഥാനമേറ്റത്. സ്വാതന്ത്ര സമരസേനാനി റാം മനോഹർ ലോഹ്യയുടെ സോഷ്യലിസ്റ്റ് ചിന്താഗതികളിൽ നിന്ന് പ്രചോദനം കൊണ്ടാണ് മാലിക് രാഷ്ട്രീയപ്രവർത്തനം ആരംഭിക്കുന്നത്. 1980ൽ ലോക് ദൾ പാർട്ടിയിൽ നിന്നുള്ള ലോക്സഭാംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1986ൽ കോൺഗ്രസ് പാർട്ടിയെ പ്രതിനിധാനം ചെയ്ത് അദ്ദേഹം രാജ്യസഭാംഗമായി. പിന്നീട് ബി.ജെ.പിയിൽ ചേർന്ന മാലിക് 2005ൽ വീണ്ടും രാജ്യസഭാംഗമായി.