തിരുവനന്തപുരം: കേരള സർക്കാരിന് അഭിമാനമായി ഇ- ഓട്ടോ നാളെ നിരത്തിലിറങ്ങുന്നു.രാവിലെ 8 മണിക്ക് എം.എൽ.എ ക്വാർട്ടേഴ്‌സിൽ നിന്ന് നിയമസഭയിലേക്ക് ആദ്യ സർവീസ് നടത്തും. സ്‌പീക്കർ ശ്രീരാമകൃഷ്ണൻ ഫ്‌ളാഗ് ഓഫ് ചെയ്യും. ആദ്യ ഘട്ടത്തിൽ 10 ഓട്ടോകളാണ് നിർമാണം കഴിഞ്ഞ് പുറത്തിറങ്ങുന്നത്. വ്യവസായ വകുപ്പിന് കീഴിലുള്ള സംസ്ഥാന പൊതുമേഖലാ സ്ഥാപനം കേരളാ ഓട്ടോ മൊബൈൽസ് ലിമിറ്റഡാണ് (കെ.എ.എൽ) ഇ-ഓട്ടോ നിർമിച്ച് നിരത്തിലിറക്കുന്നത്.
കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം ഇന്ത്യയിൽ ആദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനം ഇ-ഓട്ടോ നിർമ്മാണത്തിന് യോഗ്യത നേടുന്നത്. കാഴ്ചയിലും വലിപ്പത്തിലും സാധാരണ ഓട്ടോയെ പോലെ തന്നെയുള്ള ഇ ഓട്ടോയിലും ഡ്രൈവർക്കും മൂന്നു യാത്രക്കാർക്കും സഞ്ചരിക്കാം. ഇ ഓട്ടോ പദ്ധതിക്കായി കഴിഞ്ഞ ബജറ്റില്‍ 10 കോടി രൂപയും ഇത്തവണ ആറു കോടിയും സർക്കാർ വകയിരുത്തിയിരുന്നു. മന്ത്രി ഇ.പി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു
ജർമൻ സാങ്കേതികവിദ്യയിൽ തദ്ദേശീയമായി നിർമിച്ച ബാറ്ററിയും രണ്ട് കെ.വി മോട്ടോറുമാണ് കെ.എ.എല്ലിന്റെ ഓട്ടോയിലുള്ളത്. മൂന്ന് മണിക്കൂർ 55 മിനിറ്റ് കൊണ്ട് ബാറ്ററി പുർണമായും ചാർജ്ജ് ചെയ്യാം. ഒരു തവണ ചാർജ്ജ് ചെയ്താല്‍ 100 കിലോ മീറ്റർ സഞ്ചരിക്കാം. ഒരു കിലോ മീറ്റർ പിന്നിടാന്‍ 50 പൈസ മാത്രമാണ് ചെലവ്. സാധാരണ ത്രീപിൻ പ്ലഗ് ഉപയോഗിച്ച് ബാറ്ററി റീച്ചാർജ്ജ് ചെയ്യാം. ഡീസൽ, പെട്രോൾ വാഹനങ്ങളിൽ നിന്നുള്ള കാർബണ്‍ മലിനീകരണം ഇ ഓട്ടോയിൽനിന്നുണ്ടാകില്ല. ശബ്ദമലിനീകരവണവുമില്ല. കുലുക്കവും തീരെ കുറവായിരിക്കും.