എപ്പോഴും യാത്രചെയ്യാനാണ് കൈലി- സ്റ്റൂ ദമ്പതികൾക്കിഷ്ടം. യാത്രക്കിടെ വീടിന്റെ കാര്യമോർത്ത് ഇവർക്ക് ടെൻഷനില്ല. കാരണെ എന്തെന്നോ? അവർ വീടും കൊണ്ടാണ് യാത്രചെയ്യുന്നത്. യാത്രകൾക്കായി സഞ്ചരിക്കുന്ന ഒരുവീട് തന്നെ അവർ തയ്യാറാക്കി. ഒരു പഴയ മിനി കോമ്പി വാൻ ആണ് ഇന്നിവരുടെ വീട്. ഉണ്ടും ഉറങ്ങിയും കാഴ്ചകൾ കണ്ടും ഇഷ്ടമുള്ള സ്ഥലങ്ങളിൽ നിറുത്തിയിട്ടും ഇവർ ജീവിതം ആസ്വദിക്കുന്നത് കേട്ടാൽ തന്നെ പല യാത്രാപ്രിയർക്കും അസൂയയാകും.
ഒരു കുഞ്ഞൻ അടുക്കള, കിടപ്പറ, സ്റ്റോറേജ് സൗകര്യം, കുഞ്ഞൻ ഫ്രിഡ്ജ് എല്ലാം ഇതിലുണ്ട്. ഒരു കുഞ്ഞൻ ലൈബ്രറി വരെയുണ്ട്. ഈ കോമ്പി വാനിൽ ചില ഇൻഡോർ പ്ലാന്റുകൾ വരെ ഇവർ നട്ടുവളർത്തി.
യാത്രയിലുടനീളം ഇരുവരും ഓർഗാനിക് ഫാമുകളിൽ ജോലി നോക്കാറുണ്ട്. പണത്തിനു പകരം പാർക്കിംഗ് സ്‌പേസാണ് ഇവർ പ്രതിഫലമായി ചോദിക്കുക.
ഓസ്ട്രേലിയ മുഴുവൻ ഈ വാനിൽ സഞ്ചരിക്കാനാണ് ഇരുവരുടെയും പ്ലാൻ. യാത്രാവിവരങ്ങൾ മുഴുവന്‍ 'ദി ബീസ് റിപബ്ലിക്' എന്ന വെബ്സൈറ്റ് വഴി ഇരുവരും നൽകാറുണ്ട്.