ദാമൻ∙ കേന്ദ്രഭരണ പ്രദേശമായ ദാമൻ, ദിയുവിലെ ബി.ജെ.പി അദ്ധ്യക്ഷനും മുൻ ലോക്‌സഭാ എംപിയുമായ ഗോപാൽ ടൻഡേൽ രാജിവച്ചു. ഇദ്ദേഹത്തിന്റേതെന്ന പേരിൽ ഒരു യുവതിയുമൊത്തുള്ള നഗ്നവിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.. ഇതിനെത്തുടർന്നാണ് രാജി. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായ്ക്ക് ഗോപാൽ രാജിക്കത്തു സമർപ്പിച്ചതായി പാർട്ടി ജനറൽ സെക്രട്ടറി വസുഭായ് പട്ടേൽ അറിയിച്ചു. 36 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയാണു കഴിഞ്ഞ ദിവസം പുറത്തുവന്നത്. രണ്ടു വർഷം മുൻപെടുത്തതാണു വിഡിയോ എന്നാണു നിഗമനം.
ഒരു യുവതിക്കൊപ്പം ഗോപാലുമായി മുഖസാദൃശ്യമുള്ള വ്യക്തി ഇടപഴകുന്നതിന്റെ ദൃശ്യങ്ങളാണു പുറത്തുവന്നത്. വിഡിയോ വ്യാജമാണെന്നു കാണിച്ച് ഗോപാൽ ശനിയാഴ്ച തന്നെ പൊലീസിൽ പരാതി നൽകിയിരുന്നു. ആവശ്യമെങ്കിൽ അദ്ധ്യക്ഷ സ്ഥാനം രാജിവയ്ക്കുമെന്നും അറിയിച്ചിരുന്നു. ദാമൻ, ദിയു ബി.ജെ.പി അദ്ധ്യക്ഷനായി ഗോപാലിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണു വിവാദം. തനിക്കെതിരെ പ്രാദേശിക ബി.ജെ.പി നേതാക്കൾ തന്നെയാണു വിഡിയോ പ്രചരിപ്പിച്ചതെന്ന് ഗോപാൽ പറയുന്നു. വീണ്ടും അദ്ധ്യക്ഷസ്ഥാനത്തേക്കു വരുന്നതു തടയാൻ വേണ്ടിയാണിത്.
ഗൂഢാലോചനയ്ക്കു പിന്നിൽ പ്രവർത്തിച്ച പ്രാദേശിക നേതാക്കളുടെ പേരും പൊലീസിനു നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. വൈകാതെ തന്നെ വാർത്താസമ്മേളനം വിളിച്ച് ഇവരുടെ പേരുവിവരം വെളിപ്പെടുത്തും. വിഡിയോയിൽ തന്റെ മുഖം മോർഫ് ചെയ്തു ചേർത്തതാണെന്നും ഗോപാൽ വ്യക്തമാക്കി. അറുപത്തിയഞ്ചുകാരനായ ഗോപാൽ നാലു വർഷം മുൻപാണ് ബിജെപിയിൽ ചേർന്നത്. അതിനു മുൻപ് കോൺഗ്രസ്, എൻ.സി.പി പാർട്ടികളിലും പ്രവർത്തിച്ചിട്ടുണ്ട്.
1984ലും 1986ലും ദാമൻ മുനിസിപ്പൽ കൗൺസിൽ അധ്യക്ഷനായിരുന്ന ഗോപാൽ 1987ൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചാണ് ആദ്യമായി ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. 1989ലും 1991ലും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1996ൽ വീണ്ടും വിജയിച്ചെങ്കിലും തൊട്ടടുത്ത വർഷം കോൺഗ്രസിൽ നിന്നു രാജിവച്ച് ബി.ജെ.പിയിൽ ചേർന്നു. 2004ൽ ബിജെപി സ്ഥാനാർഥിയായി ലോക്സഭയിലേക്കു മത്സരിച്ചെങ്കിലും തോറ്റു. 2009ൽ എൻ.സി.പിയിൽ ചേർന്നു മത്സരിച്ചെങ്കിലും പരാജയമായിരുന്നു ഫലം. ദാമനിലെ എൻ.സി.പി അദ്ധ്യക്ഷനായിരിക്കെയാണു രാജിവച്ച് ബി.ജെ.പിയിൽ ചേർന്നത്.