കോഴിക്കോട്: മാവോ സേ തൂങ്ങിന്റെ പുസ്തകങ്ങൾ കൈവശം വച്ചവരെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ ആദ്യം എ.കെ.ജി സെന്ററിലുള്ളവരെ അറസ്റ്റ് ചെയ്യണമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. ഭരിക്കുന്ന പാർട്ടിയുടെ നയമാണ് പൊലീസിന്റെ നയം. ആ നയം ജനവിരുദ്ധമായാൽ ജനങ്ങൾ കടക്ക് പുറത്ത് എന്ന് പറയും. കോഴിക്കോട്ട് രണ്ട് സി.പി.എം. പ്രവർത്തകരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അത്തരം ഒരു അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കരുതെന്നും ജോയ് മാത്യു ആവശ്യപ്പെട്ടു. മാധവ് ഗാഡ്ഗിൽ എങ്ങനെയാണ് രാജ്യദ്രോഹിയായതെന്നാണ് തന്നെ അത്ഭുതപ്പെടുത്തുന്ന കാര്യമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തന്നെയാണ് ഇതിന് മറുപടി പറയേണ്ടതും, അദ്ദേഹം തന്നെയാണ് ഇതിന്റെ ഉത്തരവാദി-ജോയ് മാത്യു പറഞ്ഞു.
മാവോവാദി ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത അലൻ, താഹ എന്നിവരിൽ നിന്ന് കണ്ടെടുത്ത പുസ്തകങ്ങളിൽ ഒന്ന് പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ടതായിരുന്നു. ജോയ് മാത്യുവാണ് ഈ പുസ്തകം അച്ചടിച്ച് പുറത്തിറക്കിയത്.
ഭരിക്കുന്ന പാർട്ടിയുടെ നയമാണ് പൊലീസിന്റെ നയം. ആ നയം ജനവിരുദ്ധമായാൽ ജനങ്ങൾ കടക്ക് പുറത്ത് എന്ന് പറയും അത്തരം ഒരു അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കരുത്. ഈ സംഭവങ്ങൾ വാളയാർ വിഷയം മറച്ചുവെക്കാനുള്ളതാണെന്നാണ് എനിക്ക് തോന്നുന്നത്. ഓരോ ദിവസവും എന്തെങ്കിലും കാര്യങ്ങൾ ഉണ്ടാക്കുക..വാളയാർ വിഷയമാണ് ഏറ്റവും വലിയ ദുരന്തം. അതിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇതെല്ലാം..
യു.എ.പി.എ കേന്ദ്ര സർക്കാർ നടപ്പിലാക്കിയപ്പോൾ എതിർത്തവരാണ് സി.പി.എമ്മുകാർ. ഇതേ സി.പി.എം തന്നെയാണ് ഇതിപ്പോൾ നടപ്പിലാക്കുന്നതെന്നും ജോയ് മാത്യു പറഞ്ഞു.