ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ അമ്പലപ്പുഴ പാൽപ്പായസത്തിന് ഇനി ആ പേരില്ല. പകരം വയ്‌ക്കാൻ കഴിയാത്ത രുചിമാധുര്യത്തിനാൽ മലയാളിക്ക് പ്രിയപ്പെട്ട അമ്പലപ്പുഴ പാൽപ്പായസം ഇനി മുതൽ ഗോപാലകഷായം എന്നാവും അറിയപ്പെടുക. പേരുമാറ്റം നിലവിൽ വന്നതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്‌മകുമാർ അറിയിച്ചു. പാൽപ്പായസത്തിന്റെ പേര് ചില കച്ചവട സ്ഥാപനങ്ങൾ ദുരുപയോഗം ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് പേരുമാറ്റി പേറ്റന്റ് നേടിയെടുക്കാനുള്ള ബോർഡിന്റെ തീരുമാനം. ഗോപാലകഷായം എന്ന ലേബൽ കൂടി ഉൾപ്പെടുത്തിയായിരിക്കും ഇനി ഈ പ്രസാദം നൽകുകയെന്നും എ.പദ്മകുമാർ വ്യക്തമാക്കി.
എന്തുകൊണ്ട് ഗോപാലകഷായം
ആചാരപരമായി ഗോപാലകഷായം എന്നാണ് മുമ്പ് അമ്പലപ്പുഴ പാൽപ്പായസം അറിയപ്പെട്ടിരുന്നത്. പരമ്പരാഗതമായ രീതിയിൽ കൃത്യമായ ചിട്ടവട്ടങ്ങളോടെ തയ്യാറാക്കുന്ന പാൽപ്പായസം ഭഗവാന് നിവേദിച്ച ശേഷമാണ് ഭക്തജനങ്ങൾക്ക് വിതരണം ചെയ്യുന്നത്. കഷായം പോലെ പാലും വെള്ളവും എട്ടുമണിക്കൂറോളം വെന്തുവറ്റിയ ശേഷം അരിയും പഞ്ചസാരയും ചേർത്ത് തയ്യാറാക്കുന്നതിനാലാണ് ഇതിന് ഗോപാലകഷായം എന്ന പേര് വന്നത്.
പ്രതിഷേധവുമായി നാട്ടുകാർ
പേരുമാറ്റത്തിനെതിരെ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാർ. അമ്പലപ്പുഴ പാൽപ്പായസം എന്ന പേരിലാണ് നാടറിയുന്നത്. അമ്പലപ്പുഴ എന്നുകേട്ടാൽ തന്നെ പാൽപ്പായസമായിരിക്കും പലരുടെയും മനസിൽ ഓടിയെത്തുക. നാടിന്റെ യശസും ഇതാണ്. അതുകൊണ്ടുതന്നെ 'അമ്പലപ്പുഴ പാൽപ്പായസം' എന്നപേരിൽ പേറ്റന്റ് നേടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പേര് മാറ്റൽ അംഗീകരിക്കാനാവില്ലെന്ന് ക്ഷേത്രോപദേശക സമിതിയും വ്യക്തമാക്കി.