കോഴിക്കോട്: നാട്ടുകാരുടെ മുന്നിൽ എൻ.ഐ.ടിയിലെ പ്രൊഫസറായി വിലസിയ കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫ് പ്രീഡിഗ്രി പോലും പാസിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. നെടുങ്കണ്ടത്തെ കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്ന ജോളി അവസാനവർഷ പരീക്ഷ എഴുതിയില്ല. പാലായിലെ ഒരു കോളേജിൽ ബിരുദത്തിന് അഡ്മിഷനെടുത്ത് കുറച്ച് കാലം കോളേജിൽ പോയെങ്കിലും അതും പൂർത്തിയാക്കിയിട്ടില്ല. പ്രീഡിഗ്രി പാസാകാത്ത ജോളി എങ്ങനെയാണ് ബിരുദത്തിന് അഡ്മിഷനൻ എടുത്തതെന്നും അന്വേഷിക്കുന്നുണ്ട്.
അതേസമയം, വിവാഹം കഴിഞ്ഞ് കൂടത്തായിയിലെത്തിയപ്പോൾ എല്ലാവരോടും താൻ എം.കോം ബിരുദധാരിയാണെന്നായിരുന്നു പറഞ്ഞിരുന്നത്. കൂടാതെ കൂടത്തായിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ കേരളത്തിലെ പ്രമുഖ സർവകലാശാലയിലെ ബിരുദ, ബിരുദാനന്തര സർട്ടിഫിക്കറ്റുകളും ഉദ്യോഗസ്ഥർ കണ്ടെത്തി.
എം.ജി സർവകലാശാലയുടെ ബികോം,കേരള സർവകലാശാലയുടെ എം.കോം പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. നാട്ടുകാരുടെയും ബന്ധുക്കളുടെയും മുന്നിൽ താൻ എൻ.ഐ.ടിയിലെ പൊഫസറാണെന്ന് സ്ഥാപിക്കാനാണ് ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കിയത്. ഇവയുടെ ആധികാരികത പരിശോധിക്കാൻ രണ്ട് സർവകലാശാലയിലെയും രജിസ്ട്രാർമാർക്ക് ഉദ്യോഗസ്ഥർ അപേക്ഷ നൽകിയിട്ടുണ്ട്. വ്യാജ ഒസ്യത്ത് ഉണ്ടാക്കുന്നതിന് മുമ്പ് വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ ജോളി ഉണ്ടാക്കിയിട്ടുണ്ടെന്ന് തെളിഞ്ഞാൽ തെളിവ് കൂടുതൽ ശക്തമാകും.