cpi

തിരുവനന്തപുരം: കോഴിക്കോട് പന്തീരാങ്കാവിൽ രണ്ട് വിദ്യാർത്ഥികളെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസിനെ കടന്നാക്രമിച്ചും സർക്കാരിനെ വിമർശിച്ചും സി.പി.ഐ മുഖപത്രം ജനയുഗം. പൊലീസ് ഉദ്യോഗസ്ഥരുടെ നിഗൂഢ നീക്കങ്ങളെ നിരീക്ഷിക്കണമെന്ന് പത്രം മുഖപ്രസംഗത്തിലൂടെ ആവശ്യപ്പെട്ടു. പൊലീസ് നടപടി സംസ്ഥാന സർക്കാരിനെ തന്നെ ആശയക്കുഴപ്പത്തിലാക്കിയെന്നും ജനയുഗം തുറന്നുസമ്മതിക്കുന്നു.

അട്ടപ്പാടിയിലെ മാവോയിസ്റ്റുകളുടെ കൊലപാതകത്തിലും കോഴിക്കോട്ടെ വിദ്യാർഥികളുടെ അറസ്റ്റിലും പരസ്യമായി നടത്തിയ രൂക്ഷപ്രതികരണങ്ങൾക്ക് പിന്നാലെയാണ് മുഖപത്രത്തിലൂടെയുള്ള സി.പി.ഐയുടെ വിമർശനങ്ങൾ. പാർട്ടി അനുഭാവികളും വിമർശനവുമായി രംഗത്തെത്തിയിരുന്നു. ലഘുലേഖയുടെ പേരിൽ മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും യുവാക്കളുടെ മാവോയിസ്റ്റ് ബന്ധം പൊലീസ് തെളിയിച്ചിട്ടില്ലെന്നും ജനയുഗത്തിന്റെ മുഖപ്രസംഗത്തിൽ പറയുന്നു. അട്ടപ്പാടിയിലെ കൊടുംക്രൂരതയിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് യു.എ.പി.എ ചുമത്തിയുള്ള അറസ്റ്റെന്നും മുഖപ്രസംഗത്തിൽ ആരോപിക്കുന്നു.

എന്തടിസ്ഥാനത്തിലാണ് ആശയപ്രചാരണം നടത്തിയെന്നതിന്റെ പേരിൽ യു.എ.പി.എ ചുമത്തിയതെന്ന ചോദ്യത്തിന് പൊലീസ് മറുപടി നൽകുന്നില്ല. കാട്ടിലുള്ളവരുടെ നാട്ടിലെ കണ്ണികളാണിവരെന്ന് അറസ്റ്റിലായവരെക്കുറിച്ച് പൊലീസ് ആരോപിക്കുന്നതിന്റെ പിന്നിലെ തെളിവെന്താണ്. ഒരു ലഘുലേഖയുടെ പശ്ചാത്തലത്തിൽ ഈ വിദ്യാർത്ഥികൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പൊലീസ് ആവർത്തിക്കുന്നതിന്റെ പിന്നിലെ ലക്ഷ്യം ദുരൂഹമാണ്. വസ്തുതാപരമായ യാതൊരു അന്വേഷണവും ഇക്കാര്യത്തിൽ നടന്നിട്ടെല്ലെന്നത് പകൽപോലെ സത്യവുമാണെന്നും മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു.

അറസ്റ്റിന്റെ പിന്നാമ്പുറം അത്യന്തം സംശയകരമായി തുടരുന്ന അട്ടപ്പാടി മഞ്ചിക്കണ്ടി വനാന്തരത്തിലെ വ്യാജ ഏറ്റുമുട്ടലാണ് എന്നകാര്യത്തിൽ സംശയമില്ല. വിദ്യാർത്ഥികളെ പിടികൂടി കരിനിയമം ചുമത്തിയതോടെ കാടിനുള്ളിലെ കൊടുംക്രൂരതയുടെ വാർത്തകൾ വഴിതിരിഞ്ഞുവെന്നത് ശ്രദ്ധേയം. വായനയും ചിന്തയും ജീവിതശീലമാക്കിയവർ കേരളത്തിലെ പൊലീസിനെ ഭയക്കുന്ന സ്ഥിതിവിശേഷം ഉണ്ടായിക്കൂടാ. വായനാമുറിയിലെ പുസ്തകങ്ങളുടെ പേരിൽ തീവ്രവാദിയും ഭീകരവാദിയുമായി കരിനിയമം ചാർത്തുന്നത് ന്യായീകരിക്കാനാവില്ലെന്നും സി.പി.ഐ മുഖപത്രത്തിൽ വ്യക്തമാക്കുന്നു.