പ്രിയപ്പെട്ട മുഖ്യമന്ത്രി,
നമ്മുടെ സ്വപ്നപദ്ധതിയായ ദേശീയപാത വികസനം എത്രയും വേഗത്തിൽ നടപ്പിലാക്കണമെന്ന് ആഗ്രഹിക്കുന്നവരാണല്ലോ നാമെല്ലാം. എന്നാൽ പദ്ധതിയെക്കുറിച്ച് സമഗ്രവും കൃത്യവുമായ ഫീസിബിലിറ്റി സ്റ്റഡിയും, പദ്ധതിച്ചെലവും നഷ്‌ടപരിഹാരവും പുനരധിവാസവും സംബന്ധിച്ച് ശരിയായ വിലയിരുത്തലും ന്യായപൂർണവും നീതിയുക്തവുമായ പുനരധിവാസ പാക്കേജും തയ്യാറാക്കാതെയുള്ള ഇപ്പോഴത്തെ നടപടികൾ പദ്ധതിയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് പ്രായോഗികമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ഇക്കാര്യം പലതവണ നേരത്തേ തന്നെ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇപ്പോഴും പരിഗണനയിൽ വരാത്തതിൽ അതിയായ ദുഃഖമുണ്ട്. ചേർത്തല -കഴക്കൂട്ടം പാതയെ സംബന്ധിച്ച് നടന്ന ഫീസിബിലിറ്റി സ്റ്റഡിയെക്കുറിച്ച് ഹൈക്കോടതി ഉന്നയിച്ച കാര്യങ്ങൾക്ക് സർക്കാർ നൽകിയ മറുപടി തൃപ്‌തികരമല്ലാത്ത സാഹചര്യത്തിൽ പ്രശ്‌നം വീണ്ടും ഹൈക്കോടതിയുടെ മുന്നിലെത്തിയിരിക്കുകയാണ്. മറ്റ് മേഖലകളിലും ദേശീയപാത അതോറിറ്റിയുടെയും സംസ്ഥാന സർക്കാരിന്റെയും നിലപാടുകളിലെ യാഥാർത്ഥ്യമില്ലായ്മ ജനപ്രതിഷേധത്തിനും തർക്കങ്ങൾക്കും ഇടവരുത്തിയിരിക്കുകയാണ്. അതും പലയിടങ്ങളിൽ കോടതിയിലെത്തിയിട്ടുണ്ട്. ഇനിയും ഇരകളിൽ പലരും കോടതികളിലെത്താനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല.
ദേശീയപാതാ നിർമ്മാണത്തിനായി വീടും കടകളും മറ്റുകെട്ടിടങ്ങളും സ്ഥലങ്ങളും നഷ്ടപ്പെടുന്നവരുടെ ജീവൽപ്രശ്നത്തിന് ന്യായമായ പരിഹാരം ഉണ്ടാക്കാതെയുള്ള ഇപ്പോഴത്തെ പോക്ക് പദ്ധതി നടപ്പാക്കുന്നതിന് സ്വാഭാവികമായും പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നതിൽ സംശയമില്ല. തന്നെയുമല്ല, അന്തിമമായ വിശദ പദ്ധതിരേഖ (ഡി.പി.ആർ) ഇതുവരെ വന്നിട്ടില്ല സാമൂഹ്യ ആഘാതപഠനവും പാരിസ്ഥിതിക പഠനവും നടന്നിട്ടുമില്ല. ഇതും പ്രശ്നങ്ങൾ സങ്കീർണമാക്കും. ഇതിനെല്ലാം പുറമേ മറ്റൊരു പ്രധാനകാര്യം ശ്രദ്ധയിൽപ്പടുത്തട്ടെ, 2013 ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം ) നഷ്ടപരിഹാരവും മറ്റു നടപടികളും സ്വീകരിക്കുമെന്നാണ് പറയുന്നതെങ്കിലും 1956 ലെ നാഷണൽ ഹൈവേ നിയമമനുസരിച്ചാണ് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചിട്ടുള്ളത്. ഈ അവ്യക്തത നഷ്ടപരിഹാരവും പുനരധിവാസവും സംബന്ധിച്ച ജനങ്ങളുടെ സംശയത്തിന് ആക്കം കൂട്ടിയിരിക്കുകയാണ്.
ഇതും ആശയക്കുഴപ്പങ്ങൾ വർദ്ധിപ്പിക്കുന്നതിന് ഇടവരുത്തിയിട്ടുണ്ട്. ദേശീയപാത സ്ഥലമെടുപ്പിന് 21,000 കോടി രൂപ ചെലവ് വരും എന്നും അതിന്റെ 25 ശതമാനമായ 5,250 കോടി രൂപ കിഫ്ബി വഴി സംസ്ഥാന സർക്കാർ ഗ്രാൻറായി നൽകുമെന്നും ഉള്ള ധാരണപത്രം ഒപ്പിട്ടിരിക്കുകയാണല്ലൊ. എന്നാൽ ഏത് കണക്കുകളുടെയും പഠനത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ തുക നിശ്ചയിക്കപ്പെട്ടതെന്ന് വ്യക്തമല്ല. ഡ്രാഫ്റ്റ് ഫീസിബിലിറ്റി റിപ്പോർട്ടിലാകട്ടെ കേരളത്തിലെ സ്ഥലമെടുപ്പിന്റെ ചെലവായി എസ്റ്റിമേറ്റ് ചെയ്തിട്ടുള്ളത് 3,000 കോടിയിൽ താഴെ മാത്രമാണ്. അതിനാലാണ് ആദ്യം വേണ്ടത് സത്യസന്ധമായ പഠനമാണെന്ന് ആവശ്യപ്പെടുന്നത്. എ സംസ്ഥാനത്തെ ഏതൊക്കെ വില്ലേജുകളിലെ ഏതൊക്കെ സർവേ നമ്പരുകളിൽ നിന്ന് ഏതൊക്കെ തരത്തിൽപ്പെട്ട എത്ര ഏക്കർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത് എന്ന കൃത്യവും വ്യക്തവുമായ വിവരങ്ങൾ ഇപ്പോൾ നോട്ടിഫിക്കേഷനുകൾ വഴി സർക്കാർ പ്രസിദ്ധീകരിച്ചിട്ടുളളതാണ്. ഏറ്റെടുക്കേണ്ട ഭൂമിയുടെ മുഴുവൻ വിവരങ്ങളും സർക്കാർ കൈവശമുണ്ട് എന്നർത്ഥം.
ആയതിനാൽ ഓരോ വില്ലേജ് തിരിച്ച് Basic Value Report (BVR) തയ്യാറാക്കുന്നതിന് യാതൊരു തടസവുമില്ല. ഇതിലൂടെ കൃത്യമായ വില കണ്ടെത്താനാവും. അതോടൊപ്പം തന്നെ വീടുകൾ, കടകൾ, മറ്റ് കെട്ടിടങ്ങൾ തുടങ്ങിയവ നഷ്ടപ്പെടുന്നതിന്റെ മൊത്തം തുകയും കണക്കാക്കേണ്ടതുണ്ട്. നഷ്ടപരിഹാര ചെലവിനത്തിൽ ആകെ എത്രകോടി രൂപ വേണ്ടിവരുമെന്നും ഇതിലൂടെ വ്യക്തമാവും. നിയമപ്രകാരം കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജ് നൽകാൻ സർക്കാർ ബാധ്യസ്ഥരാണ്. ഇത് നടപ്പാക്കുന്നതിനു വേണ്ടി പുനരധിവാസ അതോറിറ്റി, പുനരധിവാസ കമ്മിറ്റി, പുനരധിവാസ പാക്കേജ്, മാറ്റിതാമസിപ്പിക്കുന്നതിനുളള സൈറ്റ്(ഭൂമി) എന്നിവ നിശ്ചയിച്ച് പുനരധിവാസ പ്രക്രിയ പൂർത്തിയാക്കി കുടുംബങ്ങളെ അതിലേക്ക് മാറ്റി താമസിപ്പിച്ച ശേഷമേ കുടിയൊഴിപ്പിക്കാൻ പാടുള്ളൂ എന്നാണ് 2013 ലെ പുനരധിവാസനിയമം വ്യവസ്ഥ ചെയ്തിട്ടുള്ളത്. എന്നാൽ മേൽപ്പറഞ്ഞ യാതൊരു നടപടിയും ഒരുജില്ലയിലും നാളിതുവരെ സർക്കാർ സ്വീകരിച്ചിട്ടില്ല. നഷ്ടപരിഹാരം നിശ്ചയിക്കുമ്പോൾ അധികമായിപ്പോയാൽ കർശനമായ ശിക്ഷ ഉദ്യോഗസ്ഥർ നേരിടേണ്ടി വരുമെന്ന പുതിയ ഉത്തരവ് റവന്യൂ വകുപ്പ് ഇറക്കിയെന്ന് പത്ര വാർത്ത വന്നിട്ടുണ്ട്. ഇതോടെ വില നിശ്ചയിക്കുന്ന ഉദ്യോഗസ്ഥർ വലിയ സമ്മർദ്ദത്തിലായിരിക്കുകയാണ്. വില കൂടിയ ആധാരങ്ങൾ കണ്ടെത്തിയാലും അവ ഉദ്യോഗസ്ഥർ പരിഗണിക്കാതിരിക്കണം എന്ന കുതന്ത്രമാണ് ഇതിൽ സർക്കാർ പയറ്റുന്നത്. ഇതെല്ലാം അടിയന്തരമായി സർക്കാർ പരിഗണിക്കുകയും ന്യായമായ പരിഹാരമുണ്ടാക്കുകയും വേണം. ഇരകളെ പ്രതിനിധീകരിക്കുന്ന സംഘടനകളുമായി ചർച്ച നടത്തുകയാണ് ആദ്യമായി ചെയ്യേണ്ടത്. എൻഎച്ച്-17 - എൻഎച്ച്-47 സംയുക്ത സമരസമിതിയുമായി ചർച്ച നടത്തുന്നതാണ് ഉചിതം. ഇക്കാര്യത്തിൽ ഇനിയൊട്ടും വൈകരുതെന്നാണ് എന്റെ അഭ്യർത്ഥന.