ന്യൂഡൽഹി: ദിവസങ്ങൾക്ക് മുമ്പാണ് തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണ് രണ്ടു വയസുകാരൻ മരിച്ചത്. സംഭവത്തിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പ് രാജ്യത്ത് ഒരു കുഴൽക്കിണർ മരണം കൂടി. ഹരിയാനയിലെ കർണാൽ ജില്ലയിലെ ഹർസിംഗ്പുര ഗ്രാമത്തിലെ അഞ്ച് വയസുകാരിയായ ശിവാനിയാണ് മരിച്ചത്.
ഞായറാഴ്ച വയലിൽ കളിക്കുന്നതിനിടെയാണ് കുട്ടി കുഴൽക്കിണറിലേക്ക് വീണത്. അമ്പതടിയോളം താഴ്ചയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ അഞ്ചുവയസുകാരിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഞായറാഴ്ച കളിച്ച് കൊണ്ടിരുന്ന കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങൾ തിരച്ചിൽ നടത്തുകയായിരുന്നു. തിരച്ചിലിനൊടുവിൽ കുഴൽക്കിണറിൽ അകപ്പെട്ടനിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ അനുശോചനം രേഖപ്പെടുത്തി.
ദിവസങ്ങൾക്ക് മുമ്പാണ് വീടിനടുത്തുള്ള പുരയിടത്തിൽ കളിക്കുന്നതിനിടെ തിരുച്ചിറപ്പള്ളി സ്വദേശിയായ രണ്ടു വയസുകാരൻ കുഴൽക്കിണറ്റിൽ അകപ്പെട്ടത്. 600 മുതൽ ആയിരം അടി വരെ ആഴമുണ്ടെന്നു കരുതപ്പെടുന്ന കിണറിൽ, നൂറ് അടി താഴ്‌ചയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു കുട്ടി. ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, പൊലീസ്, അഗ്നിരക്ഷാ സേന എന്നിവരടങ്ങിയ 250 സേനാംഗങ്ങൾ മൂന്ന് ദിവസം കുട്ടിയെ രക്ഷിക്കാൻ കഠിന പരിശ്രമം നടത്തിയെങ്കിലും പ്രാർത്ഥനകൾ വിഫലമാക്കി അവൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.