p-mohanan

കോഴിക്കോട്: മാവോയിസ്‌റ്റുകളെന്നാരോപിച്ച് അറസ്‌റ്റിലായ വിദ്യാർത്ഥികൾക്ക് നിയമസഹായം നൽകില്ലെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ പറഞ്ഞു. നിയമസഹായം നൽകേണ്ടത് കുടുംബമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിയമനടപടി ആകാമെന്നാണ് നിലപാട്. യു.എ.പി.എ ചുമത്തിയതിൽ മാത്രമാണ് എതിർപ്പെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾക്ക് നിരോധിതപ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കാമെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.

എന്നാൽ, യു.എ.പി.എ ചുമത്തിയ നടപടി പിൻവലിക്കണമെന്നും, യുവാക്കൾക്ക് നിയമ സഹായം നൽകണമെന്നും പാർട്ടി പ്രാദേശിക നേതൃത്വം നിലപാട് സ്വീകരിച്ചിരുന്നു. കോഴിക്കോട് സൗത്ത് ഏരിയാ കമ്മറ്റിയാണ് നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടത്. ലഘുലേഖയോ നോട്ടീസോ കൈവശം വയ്ക്കുന്നത് യു.എ.പി.എ ചുമത്തേണ്ട കുറ്റമല്ല. പൊലീസിന്റെ നടപടി ജനാധിപത്യ അവകാശങ്ങളെ കവർന്നെടുക്കുന്നതും യു.എ.പി.എ നിയമത്തിന്റെ ദുരുപയോഗവുമാണെന്നും ഏരിയാ കമ്മറ്റി യോഗം അഭിപ്രായപ്പെട്ടിരുന്നു.