കൊല്ലം: കാബിനറ്റ് പദവിയും സ്ഥാനമാനങ്ങളും നൽകി ഇഷ്‌ടക്കാരെ നിയമിക്കുന്ന തിരക്കിനിടെ ഖജനാവ് കാലിയാകുന്ന കാര്യം മുഖ്യമന്ത്രിയും ധനമന്ത്രിയും അറിഞ്ഞില്ലെങ്കിലും വനം മന്ത്രിക്ക് ഇതിനെ കുറിച്ച് വ്യക്തമായ ബോധ്യമുണ്ട്. സംസ്ഥാന ഖജനാവിൽ കയ്യിട്ടുനോക്കിയാൽ പോലും ഒന്നുമില്ലാത്ത അവസ്ഥയാണെന്ന് കഴിഞ്ഞദിവസമാണ് രാജു വ്യക്തമാക്കിയത്. കേരള പ്രവാസി ഫെഡറേഷൻ ജില്ലാ നേതൃക്യാംപ് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പരാമർശം.
തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം റദ്ദാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്. കിഫ്ബി എന്ന സാമ്പത്തിക സ്രോതസ്സ് മുഖേന വികസന പ്രവർത്തനങ്ങൾ നടത്തുകയാണ്. കിഫ്ബിയിൽ നിക്ഷേപം നടത്തുന്നതിൽ അധികവും പ്രവാസികളാണെന്ന് മന്ത്രി പറഞ്ഞു. ചാത്തന്നൂരിൽ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ക്യാംപിൽ സി.പി.ഐ ദേശീയ കൗൺസിൽ അംഗം എൻ.അനിരുദ്ധൻ, സിപിഐ മണ്ഡലം സെക്രട്ടറി എൻ.സദാനന്ദൻ പിള്ള, ജില്ലാ കമ്മിറ്റി അംഗം എസ്.സുഭാഷ്, ജില്ലാ പഞ്ചായത്ത് അംഗം എൻ.രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.