navya-sofiya

മുപ്പത്തിമൂന്ന് വർഷങ്ങൾക്ക് മുമ്പാണ് നവ്യ എന്ന രണ്ട് വയസുകാരിയെ കോഴിക്കോടുള്ള ഒരു അനാഥാലയത്തിൽ നിന്ന് ഇറ്റാലിയൻ ദമ്പതിമാർ ദത്തെടുത്തത്. സിൽവാനോ ദൊറിഗാട്ടി- തിസിയാന ദമ്പതികളുടെ മകളായി,​ ഇറ്റാലിയൻ പൗരയായി അവൾ വളർന്നു. അച്ഛനമ്മമാരുടെ നിറം തനിക്ക് ലഭിക്കാത്തതെന്താണെന്ന് നവ്യ ഒരുനാൾ ചോദിച്ചു. ഇതോടെ മകളോട് ദത്തെടുത്താണെന്ന് അവർ വെളിപ്പെടുത്തുകയായിരുന്നു.

ഭർത്താവിനും രണ്ട് പെൺമക്കൾക്കുമൊപ്പം സ്വസ്ഥ ജീവിതം നയിക്കുന്ന നവ്യയ്ക്ക്, തന്നെ ഉപേക്ഷിച്ച് പോയ പെറ്റമ്മയെ കണ്ടെത്തണമെന്ന് അതിയായ ആഗ്രഹമായിരുന്നു. അമ്മയെ കണ്ടെത്തണം,​മോശം അവസ്ഥയിലാണെങ്കിൽ സഹായിക്കണം,​ കഴിയുമെങ്കിൽ ഇറ്റലിയിലേക്ക് കൊണ്ടുവരണം എന്നതായിരുന്നു ഈ മകളുടെ ആഗ്രഹം. ഭർത്താവിന്റെ പിന്തുണകൂടിയായപ്പോൾ രണ്ടും കൽപ്പിച്ച് ഇറങ്ങി.

കോഴിക്കോട്ടെ അനാഥാലയത്തിൽ നിന്ന് നവ്യയുടെ സുഖവിവരങ്ങൾ തിരക്കി ഇടയ്ക്കിടയ്ക്ക് കത്ത് വരാറുണ്ടായിരുന്നു. ഈ കത്തായിരുന്നു നവ്യയ്ക്ക് അമ്മയിലേക്ക് എത്താനുള്ള കച്ചിത്തുരുമ്പ്. അന്വേഷണത്തിന്റെ ഭാഗമായി ഒമ്പത് വർഷം മുമ്പ് ഭർത്താവിനൊപ്പം കേരളത്തിലെത്തി. അനാഥാലയത്തിൽ ചെന്നെങ്കിലും അമ്മയുടെയും മുത്തശ്ശിയുടെും പേരുകളും ജനനതീയതിയും മാത്രമാണ് നവ്യയ്ക്ക് കിട്ടിയത്. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അനാഥമന്ദിരത്തിലെ അധികൃതർക്ക് പരിമിതികളുണ്ടായിരുന്നു.

തുടർന്ന് മാസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയുടെ സഹായവും ഈ മുപ്പത്തഞ്ചുകാരി തേടി. കുട്ടിക്കാലത്തെ ചിത്രങ്ങളും,​ തന്നെക്കുറിച്ചുള്ള ലഘുകുറിപ്പും നവ്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. മലയാളികളായ നിരവധിപേർ നവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ് ഏറ്റെടുത്തു. ഈ പോസ്റ്റ് ചേവായൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായ റിജേഷ് പ്രമോദിന്റെ ശ്രദ്ധിയിലുംപെട്ടു. അദ്ദേഹവും സഹായിക്കാനെത്തി.

എല്ലാവരുടെയും സഹായത്തോടെ അമ്മ ആരാണെന്ന് മനസിലായി. ഫോണിൽ സംസാരിക്കുകയും ചെയ്തു. ഇപ്പോൾ ഭർത്താവും മക്കളുമായി വയനാട്ടിൽ താമസിക്കുകയാണ് നവ്യയുടെ പെറ്റമ്മ. വിവാഹത്തിന് മുമ്പ് ഇങ്ങനെയൊരു മകളുണ്ടായെന്ന് പുറത്തറിഞ്ഞാൽ അവരുടെ കുടുംബ ജീവിതം തകരുമെന്നും,​ അതുമൂലം അമ്മയ്ക്ക് ഗുണത്തേക്കാൾ ദോഷമാണ് ഉണ്ടാകുകയെന്ന് അറിയാമെന്നും ഈ മകൾ പറയുന്നു. അതിനാൽ അമ്മയെ കൂടെക്കൂട്ടാനുള്ള ആഗ്രഹം നവ്യ ഉപേക്ഷിച്ചു. താൻ വൈകാതെ കേരളത്തിൽ വരുമെന്നും അത് അമ്മയെ കാണാനല്ല,​മറിച്ച് അവരെ കണ്ടെത്താൻ ഒപ്പം നിന്നവരെയാണ് തനിക്ക് കാണേണ്ടതെന്നും നവ്യ പറയുന്നു.