തിരുവനന്തപുരം: പന്തീരാങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റുചെയ്ത രണ്ട് വിദ്യാർത്ഥികളുടെ പേരിൽ യു.എ.പി.എ ചുമത്തിയ പൊലീസ് നടപടി വിശദമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. അറസ്റ്റ് ചെയ്ത വിദ്യാർത്ഥികളിൽ നിന്ന് മാവോയിസ്റ്റ് ലഘുലേഖകളും പുസ്തകങ്ങളും ലഭിച്ചിട്ടുണ്ട്. അറസ്റ്റിനിടെ താഹ ഫസൽ മാവോയിസ്റ്റ് മുദ്രാവാക്യങ്ങൾ വിളിച്ചെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
ശബരിമല യുവതി പ്രവേശന വിധിയെ ചൊല്ലി പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്കും മുഖ്യമന്ത്രി മറുപടി പറഞ്ഞു. ജല്ലിക്കെട്ടും കാളപൂട്ടും പോലെയല്ല ശബരിമല വിധിയെന്നും നിയമത്തിൽ ഇടപെടാൻ സംസ്ഥാനത്തിന് അവകാശമില്ലെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. എന്നാൽ ഇടപെടാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ഭക്തരെ കബളിപ്പിക്കാനുള്ള നിലപാടാണ് പ്രതിപക്ഷത്തിന്റേതെന്നും വിധി വരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തിൽ വിശ്വാസികളുടെ സംരക്ഷണത്തിനു സർക്കാർ കൂടെയുണ്ടാകും. ശബരിമലയിൽ ശാന്തമായ ദർശനത്തിനു വഴിയൊരുക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
അതേസമയം, പന്തീരാങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റുചെയ്ത താഹ ഫസലിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയതിന്റെ ദൃശ്യങ്ങൾ പുറത്ത്. പുസ്തകങ്ങളും ലഘുലേഖകളും പൊലീസ് പിടിച്ചെടുക്കുന്നതിന്റെയും താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 'മാർക്‌സിസം, സാമ്രാജ്യത്വം, തീവ്രവാദം' എന്ന പുസ്തകവും മറ്റു ചില പുസ്തകങ്ങളും ലഘുലേഖകളുമൊക്കെയാണ് പൊലീസ് താഹയുടെ മുറിയിൽ നിന്ന് കണ്ടെടുക്കുന്നതായി ദൃശ്യങ്ങളിലുള്ളത്. പൊലീസ് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.