തിരുവനന്തപുരം: ജല്ലിക്കെട്ടും കാളപൂട്ടും പോലെയല്ല ശബരിമല വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശബരിമല വിധിയെ കുറിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്ക് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ശബരിമല യുവതീപ്രവേശം തടയാൻ സംസ്ഥാനത്തിന് നിയമ നിർമാണം സാദ്ധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ നിയമ നിർമാണത്തെക്കുറിച്ച് പറയുന്നത് ഭക്തജനങ്ങളെ കബളിപ്പിക്കാനാണ്. യുവതീ പ്രവേശന വിധി മൗലികാവകാശവുമായി ബന്ധപ്പെട്ട വിധിയാണ്. സുപ്രീംകോടതി വിധി എന്തായാലും നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സുപ്രീംകോടതി ഇതുവരെ ശബരിമല വിഷയത്തിൽ മറിച്ചൊരു നിലപാടും എടുത്തിട്ടില്ല. ആ നിലയ്ക്ക് ശബരിമലയിലെ ക്രമസമാധാനം പാലിക്കുന്നതിന് ഉതകുന്ന നിലപാടുതന്നെയായിരിക്കും സർക്കാർ സ്വീകരിക്കുക. യുവതികളെ ശബരിമലയിൽ വിലക്കുന്നത് മൗലികാവകാശത്തിന്റെ ലംഘനവും ഭരണഘടനയ്ക്ക് വിരുദ്ധവുമാണ്. അതിനെ മറികടക്കാൻ ഒരു വിധത്തിലുള്ള നിയമനിർമാണവും സാദ്ധ്യമല്ലെന്നാണ് സർക്കാരിനു കിട്ടിയിരിക്കുന്ന നിയമോപദേശം.
ശബരിമലയിൽ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സ്ത്രീകളാണ്. സർക്കാർ ഒരു യുവതിയോടും ശബരിമലയിൽ പോകാൻ നിർബന്ധിച്ചില്ല. ഏതെങ്കിലുമൊരു സ്ത്രീയെ ശബരിമലയിൽ കയറ്റുന്ന നടപടികൾ സർക്കാർ എടുത്തിട്ടില്ല. കഴിഞ്ഞവർഷവും എടുത്തിട്ടില്ല, ഇപ്പോഴും സർക്കാർ അങ്ങനൊരു നിലപാട് സ്വീകരിക്കില്ല- അദ്ദേഹം കൂട്ടിച്ചേർത്തു.