മൂക്കുപൊത്താതെ ഇനി ബീച്ചിലൂടെ നടക്കാം. വിദേശത്തെ ബീച്ചുകൾ പോലെ കേരളത്തിലെ ബീച്ചുകളും അടിമുടി മാറാൻ പോവുകയാണ്. സംസ്ഥാനത്തെ ബീച്ചുകൾ മാലിന്യവിമുക്തമാക്കാൻ സംസ്ഥാന സർക്കാരാണ് പദ്ധതിക്ക് തുടക്കമിട്ടത്. കൊല്ലം ബീച്ചിലാണ് ആരംഭം കുറിക്കുന്നത്. ബീച്ചിലെ മാലിന്യങ്ങൾ നീക്കുന്നതിനുള്ള ബീച്ച് ക്ളീനിംഗ് സർഫ് റേക്ക് എന്ന ഉപകരണമാണ് കൊല്ലം ബീച്ചിലെത്തുന്നത്. ‘സർഫ് റേക്കി’ലൂടെ മണൽപ്പരപ്പിൽ നിന്ന് മാലിന്യങ്ങൾ പൂർണമായി മാറ്റി ശുദ്ധീകരിച്ച് പുത്തൻ മണ്ണ് നിക്ഷേപിക്കുന്ന പദ്ധതിക്കാണ് സർക്കാർ അനുമതി.
പ്രവർത്തനം ഇങ്ങനെ
ചെന്നെെ മറീന ബീച്ചിൽ വിജയകരമായി നടപ്പാക്കിയ "ബീച്ച് ക്ലീനിംഗ് സർഫ് റേക്ക്' പദ്ധതിയാണിത്. ബീച്ചിലെ മണൽപ്പരപ്പിൽനിന്ന് മാലിന്യങ്ങൾ പൂർണമായി ശുദ്ധീകരിക്കുന്നതാണ് യന്ത്രം. 30 സെന്റിമീറ്റർ ആഴത്തിൽനിന്നുവരെ മാലിന്യങ്ങൾ അരിച്ചെടുത്തശേഷം ശുദ്ധമായ മണൽ നിക്ഷേപിക്കും. ഇവ യന്ത്രത്തിലെ പ്രത്യേക സക്രീനിലൂടെ കടത്തിവിട്ട് അരിച്ച് എടുക്കും. ഈ ശുദ്ധമായ മണൽ വീണ്ടും ബീച്ചിൽ നിക്ഷേപിക്കുന്ന സംവിധാനമാണു യന്ത്രത്തിനുള്ളത്.
സിഗരറ്റ് കുറ്റി, കുപ്പിച്ചില്ലുകൾ, പ്ലാസ്‌റ്റിക്ക് മാലിന്യങ്ങൾ, പേപ്പറുകൾ തുടങ്ങി എത് മാലിന്യവും സർഫ് റേക്കിലെ പ്രത്യേക ചേംബറിൽ അടിയും. തീരദേശ വികസന കോർപ്പറേഷൻ ആദ്യ മൂന്നുമാസം എൽ.എൻ.ജി.പെട്രോനെറ്റിന്റെ സഹായത്തോടെ കൊല്ലത്തെ മഹാത്മാഗാന്ധി ബീച്ചിലാണ് ആദ്യഘട്ടത്തിൽ ശുചീകരണം നടത്തുക. അതിനുശേഷം യന്ത്രം കോർപ്പറേഷന് കൈമാറും. പൊതുമേഖലാസ്ഥാപനമായ പെട്രോനെറ്റ് അധികൃതർ ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുമായി നടത്തിയ ചർച്ചകളെത്തുടർന്നാണ് യന്ത്രം സ്ഥാപിച്ച് ശുചീകരണത്തിന് നടപടിയായത്. ഈ സംവിധാനം സമീപ ബീച്ചുകളിലും ഉപയോഗിക്കുവാൻ ലക്ഷ്യമിടുന്നുണ്ട്.