സിനിമയിൽ പ്രശസ്‌തരാവുന്നതിന് മുമ്പുതന്നെ ആത്മസുഹൃത്തുക്കളാണ് നടൻ ദിലീപും സംവിധായകൻ ലാൽജോസും. ജീവിതത്തിലെ കെമിസ്‌ട്രി പോലെ തന്നെ ഇരുവരും സിനിമയിൽ ഒന്നിച്ചപ്പോഴും പിറന്നത് വമ്പൻ ഹിറ്റുകളാണ്. മീശമാധവൻ, ചാന്തുപൊട്ട് തുടങ്ങിയവ തന്നെ ഉദാഹരണങ്ങൾ. ആദ്യസിനിമ ആലോചിക്കുമ്പോൾ തന്നെ തന്റെ മനസിൽ ദീലീപായിരുന്നു നായകനെന്ന് തുറന്നുപറയുകയാണ് ലാൽ ജോസ്. ഒടുവിൽ മറവത്തൂർ കനവിലൂടെ മമ്മൂട്ടി നായകനായപ്പോൾ, മമ്മൂക്ക നായകനായാൽ നിന്റെ ലെവൽ മാറില്ലേയെന്നും അത് എനിക്കും ഗുണമാകില്ലേയെന്ന മറുപടിയാണ് ദിലീപ് നൽകിയതത്രേ. കേരളകൗമുദി ഫ്ളാഷ് മൂവീസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ലാൽജോസ് മനസു തുറന്നത്.
മീശമാധവനാണ് സാമ്പത്തികമായി തന്നെ ഏറെ സഹായിച്ചതെങ്കിലും ചെയ്‌ത സിനിമകളിൽ ഏറ്റവും ടഫ് സബ്‌ജക് ചാന്തുപൊട്ട് ആയിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ദിലീപിന് താരമൂല്യം വന്നശേഷം നല്ല ബഡ്‌ജറ്റിൽ ചെയ്യാമെന്ന് പറഞ്ഞ് എട്ടു വർഷത്തോളം തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തെ താൻ ചട്ടം കെട്ടിയിരുന്നുവെന്നും അഭിമുഖത്തിൽ ലാൽ ജോസ് പറയുന്നു.
'ബെന്നി പി നായരമ്പലത്തിന്റെ വലിയ മനസു കൊണ്ടാണ് ചാന്തുപൊട്ട് ചെയ്യാൻ കഴിഞ്ഞത്. വർഷങ്ങൾക്ക് മുമ്പ് ഞാൻ സംവിധായകനാകുന്നതിനും മുമ്പ് നാദിർഷയാണ് അറബിക്കടലും അത്ഭുതവിളക്കുമെന്ന ബെന്നിയുടെ നാടകത്തെ കുറിച്ച് പറയുന്നത്. ഞാൻ ബെന്നിയെ കണ്ടു. കഥ വേറെയാർക്കും കൊടുക്കരുതെന്നും ദിലീപിന് താരമൂല്യം വന്നശേഷം നല്ല ബഡ്‌ജറ്റിൽ ചെയ്യാമെന്നും ബെന്നിയോട് പറഞ്ഞു. എട്ടുവർഷം ആ കഥയുമായി ബെന്നി എനിക്കു വേണ്ടി കാത്തിരുന്നു. ആ സിനിമ വീണ്ടും എനിക്കൊരു പുതുജീവിതം തന്നു. ഞാൻ ചെയ‌്‌ത സിനിമകളിൽ ഏറ്റവും ടഫ് സബ്‌ജക്‌ടായിരുന്നു ചാന്തുപൊട്ട്. ആ സിനിമ കഴിഞ്ഞാണ് പിന്നീട് എന്റെ ഏറ്റവും മികച്ച ചിത്രങ്ങൾ സംഭവിക്കുന്നത്. അച്ഛനുറങ്ങാത്ത വീട്, ക്ളാസ്‌മേറ്റ്‌സ്, അറബിക്കഥ തുടങ്ങിയവ'- ലാൽ ജോസിന്റെ വാക്കുകൾ.
അഭിമുഖത്തിന്റെ പൂർണരൂപം നവംബർ ലക്കം ഫ്ളാഷ് മൂവീസിൽ വായിക്കാം.