കാസ് പരീക്ഷയ്ക്കൊരുങ്ങുന്ന ഉദ്യോഗാർത്ഥികൾ പരീക്ഷാ തയ്യാറെടുപ്പ് ഗൗരവമായെടുക്കണം. അവരുടെ ആദ്യ ലക്ഷ്യം ഫെബ്രുവരി 2020 ൽ നടക്കുന്ന പ്രിലിമിനറി പരീക്ഷയായിരിക്കണം. പ്രിലിമിനറിയിൽ യോഗ്യത നേടിയാൽ മാത്രമേ മെയിൻ പരീക്ഷയ്ക്ക് യോഗ്യത ലഭിക്കൂ ! ഒരു വർഷം കൊണ്ട് പൂർത്തിയാകുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയ്ക്ക് വസ്തുനിഷ്ഠമായ രീതിയിൽ തയ്യാറെടുക്കണം. ഓരോ മലയാളം -ഇംഗ്ലീഷ് പത്രങ്ങൾ നിർബന്ധമായും വായിച്ചിരിക്കണം. സർക്കാർ പദ്ധതികൾ, നയം, ലക്ഷ്യങ്ങൾ, പുത്തൻ പ്രവണതകൾ, സാങ്കേതിക മുന്നേറ്റം എന്നിവയിലുണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധയോടെ വിലയിരുത്തണം.
വിദ്യാർത്ഥികൾ കൂടുതലായി ഗൈഡുകളെ മാത്രം ആശ്രയിക്കാറാണ് പതിവ്. ഇതിനു പകരം സിലബസിലൂന്നിയ പഠനമാണാവശ്യം. ഒരു വർഷം മുമ്പുതന്നെ അതായത് കാസ് പരീക്ഷ സിലബസ് തീരുമാനിക്കുന്നതിനു മുമ്പ് ഗൈഡുകൾ തയ്യാറാക്കി വിൽപ്പന നടത്തുന്നവരുണ്ട്.! സിവിൽ സർവീസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളോടൊപ്പം ചർച്ചചെയ്ത് പഠിക്കുന്നത് ഏറെ ഗുണപ്രദമാകും. എന്നാൽ സിവിൽ സർവീസ് പരീക്ഷയിൽ ദേശീയ കാര്യങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുമ്പോൾ സംസ്ഥാനതല വിവരങ്ങൾ ശ്രദ്ധയോടെ പഠിക്കാൻ ശ്രമിക്കണം. ഏത് ബിരുദധാരിക്കും എളുപ്പത്തിൽ വിജയം കൈവരിക്കാവുന്ന പാഠ്യഭാഗങ്ങളെ കാസ് സിലബസിലുള്ളൂ. നിശ്ചയദാർഢ്യത്തോടെ പോസിറ്റീവ് മനോഭാവത്തോടെ തയ്യാറെടുപ്പ് നടത്തണം. ഓരോ വിഷയത്തിന്റെയും നാനാവശങ്ങളും പഠനവിധേയമാക്കണം. നേട്ടങ്ങളും, കോട്ടങ്ങളും അറിയാൻ ശ്രമിക്കണം. ഇയർ ബുക്കുകൾ വായിക്കുന്നത് സാമാന്യ പ്രാഥമിക വിജ്ഞാപനം കൈവരിക്കാനുപകരിക്കും. പ്രധാനപ്പെട്ട രാജ്യത്തെയും സംസ്ഥാനത്തെയും പ്രശ്നങ്ങളേതെന്ന് തിരിച്ചറിയണം. പ്രശ്നങ്ങളെയും, വസ്തുതകളെയും അപഗ്രഥിക്കാനുള്ള കഴിവ് മെയിൻ പരീക്ഷയിൽ ഏറെ ഗുണകരമായിരിക്കും.
ലൈബ്രറികളിലെ സേവനം പ്രയോജനപ്പെടുത്തണം. 8-12 ക്ലാസുകളിലെ എൻ.സി.ഇ.ആർ.ടി സോഷ്യൽ സയൻസ് ടെക്സ്റ്റ് ബുക്കുകൾ വായിക്കാൻ സമയം കണ്ടെത്തണം. കാര്യങ്ങൾ വസ്തുനിഷ്ഠമായി അപഗ്രഥിക്കാനുള്ള കഴിവ് വളർത്തിയെടുക്കണം. ഇംഗ്ലീഷിലും, മലയാളത്തിലും വ്യാകരണത്തിന് കൂടുതൽ പ്രാധാന്യം നൽകണം. ഇതുമായി ബന്ധപ്പെട്ട് മാതൃകാ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കണം. മുഴുവൻ സമയ തയ്യാറെടുപ്പാണ് ഉദ്യോഗാർത്ഥികൾക്ക് ആവശ്യം! ചിട്ടയോടെയുള്ള Easy study ഏറെ ഫലപ്രദമായിരിക്കും. പരീക്ഷ അടുക്കുമ്പോൾ ധൃതഗതിയിൽ പഠിച്ചെടുക്കാമെന്ന Emergency study രീതി മനസിൽ കരുതരുത്. ദിവസേന 12 മണിക്കൂറെങ്കിലും പഠനത്തിന് നീക്കിവയ്ക്കണം. ഈ കാലയളവിൽ മലയാളം, ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം, ആശയവിനിമയശേഷി എന്നിവ മെച്ചപ്പെടുത്താൻ ശ്രമിക്കണം.
ചിട്ടയോടെയുള്ള പഠനരീതി അവലംബിക്കണം. രാവിലെ ആറുമണിക്കെങ്കിലുംഎഴുന്നേൽക്കുക. എഴുന്നേറ്റയുടൻ ഒരു ഗ്ലാസ് വെള്ളം കുടിക്കണം. അരമണിക്കൂർ യോഗയോ വ്യായാമമോ ചെയ്യുന്നത് നല്ലതാണ്. കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം അമിതമായികഴിക്കരുത്. നോൺവെജിറ്റേറിയൻ ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുന്നത് നല്ലതാണ്. പഴങ്ങളും, പഴച്ചാറുകളും, നാരുകളടങ്ങിയ പച്ചക്കറികളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും ഉറങ്ങണം. ടി.വി. കാണാനും, കളിക്കാനും ഒരുമണിക്കൂർ നീക്കിവയ്ക്കാം. ഉറക്കമൊഴിവാക്കി പഠിക്കരുത്. പഠനത്തോടൊപ്പം ഓരോ വിഷയത്തെക്കുറിച്ചും ചെറിയ കുറിപ്പുകൾ തയ്യാറാക്കുന്നത് നല്ലതാണ്. ഇടയ്ക്ക് സിനിമകാണാൻ സമയം കണ്ടെത്തുന്നതും പാട്ടുകേൾക്കുന്നതും മാനസികോല്ലാസത്തിന് ഉപകരിക്കും.
ഇന്ന് കേരളത്തിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരിൽ 80ശതമാനവും സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നു. ഉദ്യോഗാർത്ഥികൾ സ്മാർട്ട് ഫോൺ ആവശ്യത്തിനുമാത്രം ഉപയോഗിക്കുക. സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വേണം. പഠിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കാൻ ശീലിക്കണം. അനാവശ്യ കൂട്ടുകെട്ടുകൾ, ദുശ്ശീലങ്ങൾ എന്നിവ തീർത്തും ഒഴിവാക്കണം. ചിട്ടയോടെ പഠിക്കുന്നത് കാസിലെത്താനും നിങ്ങളുടെ ജീവിതത്തിന്റെ യശസുയർത്താനും ഉപകരിക്കും. വിശ്വാസമുള്ളവർ ആരാധനാലയങ്ങളിൽ പതിവായി പോകുന്നത് നല്ല ഉണർവേകും. ചിട്ടയായ പഠനം, നല്ല ചിന്ത, ജീവിതചര്യ, ആവശ്യത്തിന് ഉറക്കം എന്നിവ പഠനാന്തരീക്ഷത്തിന് മികവേകാൻ സഹായിക്കും. കാസ് പരീക്ഷയെ ശുഭാപ്തി വിശ്വാസത്തോടെ സമീപിക്കണം. അനാവശ്യ ചിന്തകൾ ഒഴിവാക്കണം. സർക്കാർ സർവീസിലുള്ളവർ പരീക്ഷാ തയ്യാറെടുപ്പിന് ലീവെടുക്കേണ്ടിവരും. വിജയം തീരുമാനിക്കുന്നത് നിങ്ങളാണെന്നത് പ്രത്യേകം ഓർക്കേണ്ടതാണ്.സമയാസമയങ്ങളിൽ കേരളകൗമുദിയിലൂടെ വീണ്ടും മാർഗനിർദ്ദേശങ്ങൾ നൽകാം.
(അവസാനിച്ചു )