മുംബയ്: മഹാരാഷ്ട്രയിലെ മന്ത്രിസഭാ രൂപീകരണത്തിൽ ചർച്ചകൾ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. അപ്രതീക്ഷിത ക്ലൈമാക്‌സിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കാൻ പോകുന്നത്. സർക്കാർ ഉണ്ടാക്കാൻ ഇനിയും വെെകിക്കില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ഇന്നു തന്നെ ആഭ്യന്ത്രമന്ത്രിയും പാർട്ടി ദേശീയ അദ്ധ്യക്ഷനുമായ അമിത് ഷാ ഉൾപെടെ ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ കാണും. തിരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസം കഴിഞ്ഞിട്ടും ശിവസേനയുമായി ഉടമ്പടിയിലെത്താൻ കഴിയാത്തതിനെ പറ്റി ഫഡ്‌നാവിസ് അമിത് ഷായ്ക്ക് വിശദീകരണം നൽകും. നാല് ദിവസം കൂടിയാണ് കാവൽ സർക്കാറിന്റെ കാലാവധി.
കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും എൻ.സി.പി അദ്ധ്യക്ഷൻ ശരദ്പവാറും ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്. എന്നാൽ, എൻ.സി.പിയുമായി സഖ്യമുണ്ടാക്കുമെന്ന് ശിവസേനയും ആവർത്തിക്കുന്നുണ്ട്. ഇന്ന് ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ ആവശ്യപ്പെടുമെന്നാണ് ശിവസേനയുടെ ഭാഗം. ശിവസേനാ നേതാവ് സഞ്ജയ് റാവത്തും പാർട്ടിയിലെ മുതിർന്ന നേതാക്കളുമാണ് ഗവർണർ ഭഗത് സിംഗ് കോശ്യാരിയെ കാണുക. അതേസമയം, ശിവസേനയുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തിലെ തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിട്ടിരിക്കുകയാണ് കോൺഗ്രസ് കേന്ദ്ര നേതൃത്വം.
എന്നാൽ, സർക്കാർ രൂപീകരണ സമവായത്തിനില്ലെങ്കിൽ രാഷ്ട്രപതി ഭരണമെന്ന ബി.ജെ.പി ഭീഷണിയെ പ്രതിപക്ഷത്തെ ഒപ്പം കൂട്ടി നേരിടുകയാണ് ശിവസേന. 288 അംഗ നിയമസഭയിൽ ബി.ജെ.പിക്ക് 105 സീറ്റും സഖ്യകക്ഷിയായ ശിവസേനയ്ക്ക് 56 സീറ്റും എൻ.സി.പിക്ക് 54 സീറ്റും കോൺഗ്രസിന് 44 സീറ്റുമാണുള്ളത്. മന്ത്രിസഭാ രൂപവത്കരണത്തിലെ അനിശ്ചിതത്വം നീണ്ടാൽ സ്വന്തം വഴി നോക്കാൻ നിർബന്ധിതരാവുമെന്ന് ശിവസേനാ നേതൃത്വം ബി.ജെ.പിക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ആകെ 170 എം.എൽ.എമാരുടെ പിന്തുണ ഉറപ്പായെന്നാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കിയത്. ബി.ജെ.പി തങ്ങളുടെ നിലപാട് അംഗീകരിച്ചാൽ ബി.ജെ.പിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കുമെന്നാണ് ശിവസേന പറയുന്നത്. അതേസമയം, മുഖ്യമന്ത്രി പദം പങ്കുവയ്ക്കാൻ ബി.ജെ.പി തയ്യാറല്ലാത്തതിനാൽ പ്ലാൻ ബി തയ്യാറാക്കിയിരിക്കുകയാണ് ശിവസേന. കോൺഗ്രസിന്റെ പിന്തുണയോടെ എൻ.സി.പിക്കൊപ്പം നിൽക്കാമെന്ന വഴിയും ശിവസേനയ്ക്കുമുന്നിലുണ്ട്. ഒന്നുകിൽ ശിവസേനയുടെ ആവശ്യം അംഗീകരിക്കുക, കേന്ദ്രത്തിലും മഹാരാഷ്ട്രയിലും ഇവർക്ക് കൂടുതൽ മന്ത്രിപദവികൾ നൽകുക എന്നിവയാണ് ബി.ജെ.പി ഇനി സ്വീകരിക്കാൻ സാദ്ധ്യതയുള്ള വഴികൾ. എന്നാൽ, ശിവസേന ഈ രണ്ട് നിർദേശത്തോടും എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല.