പൂനൈ: കളഞ്ഞു കിട്ടിയ സ്വർണവും പണവുമൊക്കെ ഉടമയ്ക്ക് തിരിച്ച് നൽകി മാതൃകയായ നിരവധിയാളുകളുടെ കഥ നമ്മൾ കേട്ടിട്ടുണ്ട്. അവരെയൊക്കെ നമ്മൾ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. അത്തരത്തിൽ തനിക്ക് വഴിയിൽ നിന്ന് കളഞ്ഞുകിട്ടിയ 40,000 രൂപ ഉടമയക്ക് തിരിച്ച് നൽകി മാതൃകയായിരിക്കുകയാണ് മഹാരാഷ്ട്രയിലെ സതാര സ്വദേശിയായ ധനജി ജഗ്ദാലെ എന്ന 54കാരൻ.
ദാഹിവാടിയിലേക്കു പോയി തിരിച്ച് വരുമ്പോഴാണ് ബസ് സ്റ്റോപ്പിൽ കിടക്കുന്ന നോട്ടുകെട്ടുകൾ ധനജിയുടെ ശ്രദ്ധയിൽപ്പെടുന്നത്. കൈയിലെടുത്ത് എണ്ണിനോക്കിയപ്പോൾ 40,000 രൂപ. കടുത്ത ദാരിദ്ര്യത്തിലാണെങ്കിലും, ആ പണം ഉടമയെ തിരിച്ചേൽപ്പിക്കാൻ തന്നെ ഈ 54കാരൻ തീരുമാനിച്ചു. നിരവധിയാളുകളോട് അന്വേഷിച്ചെങ്കിലും ഉടമയെപ്പറ്റിയുള്ള സൂചനയൊന്നും കിട്ടിയില്ല.
കുറച്ച് സമയം കഴിഞ്ഞപ്പോൾ ഒരാൾ എന്തോ തിരയുന്നത് കണ്ട് അദ്ദേഹം അങ്ങോട്ട് പോയി കാര്യം അന്വേഷിച്ചു,പണത്തിന്റെ ഉടമയാണെന്ന് ബോധ്യപ്പെട്ടപ്പോൾ ധനജി അദ്ദേഹത്തിന് പൈസ നൽകുകയായിരുന്നു. ഭാര്യയുടെ ചികിത്സയ്ക്കായിവച്ച പണമാണ് യാത്രക്കാരനിൽ നിന്ന് കളഞ്ഞുപോയത്. നഷ്ടപ്പെട്ടെന്ന് കരുതിയ കാശ് തിരികെ തന്ന ധനജിക്ക് 1000രൂപ നൽകിയെങ്കിലും സ്വീകരിക്കാൻ തയാറായില്ല. മൂന്ന് രൂപ തന്റെ കൈവശമുണ്ട്, ബസിന് പോകാൻ ഏഴുരൂപ മതിയെന്നായിരുന്നു ധനജിയുടെ മറുപടി.
ഇക്കാര്യം സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധിയാളുകൾ ധനജിക്ക് സഹായ ഹസ്തവുമായി രംഗത്തെത്തി. ഒരാൾ അഞ്ച് ലക്ഷം രൂപ നൽകാമെന്നാണ് വാഗ്ദാനം ചെയ്തത്. എന്നാൽ എല്ലാം സ്നേഹപൂർവം നിരസിച്ചു. മറ്റുള്ളവരുടെ പണമെടുത്താൻ സ്വസ്ഥമായി ജീവിക്കാൻ കഴിയില്ലെന്നാണ് ധനജിയുടെ അഭിപ്രായം.