ഒരു ദശാബ്ദത്തിലേറെയായി എത്രയോ ചിത്രങ്ങൾക്ക് ദൃശ്യങ്ങളൊരുക്കിയ ഛായാഗ്രാഹകനാണ് ജിബു ജേക്കബ്. എന്നാൽ വെള്ളിമൂങ്ങ എന്ന ബിജു മേനോൻ ചിത്രത്തിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച് ജിബു ജേക്കബ് സംവിധാനത്തിന്റെ കുപ്പായവും അണിഞ്ഞു. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ബിജു മേനോൻ എന്ന നായകനെ എല്ലാ തികവോടും കൂടി മുന്നിൽ നിർത്താൻ വെള്ളിമൂങ്ങയിലൂടെ ജിബു ജേക്കബിന് കഴിഞ്ഞു. കൂടാതെ മോഹൻലാൽ നായകനായെത്തിയ 'മുന്തിരിവള്ളികൾ തളിർക്കുമ്പോൾ', ബിജുമേനോന്റെ 'ആദ്യരാത്രി'യുമെല്ലാം ജിബു ജേക്കബിന്റെ സംവിധാന മികവിലൂടെയായിരുന്നു. ജിബു ജേക്കബാണ് കൗമുദി ടിവിയുടെ ഡ്രീം ഡ്രൈവ് എന്ന പരിപാടിയിൽ ഇത്തവണ വാഹന വിശേഷങ്ങൾ പങ്കുവയ്ക്കുന്നത്.
വാഹനങ്ങളുമായി ബന്ധപ്പെട്ട് തനിക്ക് മറക്കാൻ പറ്റാത്ത അനുഭവങ്ങൾ നിരവധിയുണ്ടെന്ന് ജിബു ജേക്കബ് പറയുന്നു. എന്നാൽ അതിൽ പേടിപ്പെടുത്തുന്നതും ഏറ്റവും സന്തോഷകരമായ ഒരു ഡ്രൈവിംഗ് അനുഭവം മമ്മൂക്കയോടൊപ്പമായിരുന്നു. 'മമ്മൂക്ക നായകനായ തസ്കരവീരൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പാലക്കാട് നടക്കുമ്പോഴായിരുന്നു അത്. ഷൂട്ടിംഗിനിടെ മമ്മൂക്ക എന്നെ കാറിന്റെ സൈഡിൽ ഇരുത്തി ഓടിച്ചു. ഞാൻ വാഹനത്തിലിരുന്ന് ഇത്രയധികം പേടിച്ച സംഭവം മുമ്പുണ്ടായിട്ടില്ല. മമ്മൂക്ക പോകുന്ന സ്പീഡ്... സത്യത്തിൽ ഞാൻ കാറിലിരുന്ന് അമ്മേ എന്ന് വിളിച്ചില്ല എന്ന് മാത്രം. സ്പീഡ് കുറയ്‌ക്കാൻ ഞാൻ മമ്മൂക്കയോട് പറഞ്ഞു. പക്ഷേ, മമ്മൂക്ക തിരിച്ചു ചോദിച്ചത്, നീ ഇത്രയും സ്പീഡിൽ കാറിൽ പോയിട്ടുണ്ടോ എന്നാണ്. വല്ലാത്ത ഒരു അനുഭവമായിരുന്നു അത്'- ജിബു ജേക്കബ് പറഞ്ഞു.