whatsapp

ന്യൂഡൽഹി: പ്രമുഖ സീരിയൽ താരത്തിന്റെ വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി പരാതി. ഹിന്ദി സീരിയൽ നടി തേജസ്വി പ്രകാശിന്റെ വാട്സ് ആപ്പ് അക്കൗണ്ടാണ് ഹാക്ക് ചെയ്തത്. ഇതുവഴി തന്റെ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും അശ്ലീല വീഡിയോ കോൾ ലഭിച്ചുവെന്നും നടി പറ‌ഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഫോൺ ഹാക്ക് ചെയ്യപ്പെട്ട വിവരം നടി വെളിപ്പെടുത്തിയത്.

ഫോൺ ഹാക്ക് ചെയ്തയാൾ അതിലെ കോണ്ടാക്‌റ്റ് ലിസ്റ്റിലുള്ളവരോട് സൗഹൃദ സംഭാഷണം ആരംഭിക്കും. എന്നിട്ട് ഒരു ലിങ്ക് അയച്ചു കൊടുത്തിട്ട് അതിലെ കോഡ് തിരികെ അയക്കാൻ പറയും. ഇത്തരത്തിൽ കോഡ് തിരികെ അയക്കുമ്പോഴാണ് വീഡിയോ കോൾ ചെയ്യുന്നതെന്നാണ് തേജസ്വി പറയുന്നത്.

ടെലിവിഷൻ മേഖലയിൽ നിന്നുള്ള ചില പ്രമുഖ സുഹൃത്തുക്കൾ തന്നെയാണ് ഇത്തരത്തിൽ വീഡിയോ കോളുകൾ ലഭിക്കുന്ന വിവരം തേജസ്വിയെ അറിയിച്ചത്. ഒരു പെൺകുട്ടി എന്നതിലുപരി ഒരു അഭിനേതാവ് ആയതിനാൽ തന്നെ ഇത്തരം കാര്യങ്ങൾ കാര്യമായി ബാധിക്കുന്നുവെന്നാണ് തേജസ്വി പറയുന്നത്. സൈബർ സെല്ലുമായി ബന്ധപ്പെട്ടെന്നും അവർ പൊലീസിൽ പരാതി നൽകാൻ നിർദേശിച്ചെന്നും തേജസ്വി അറിയിച്ചു.