uapa

കോഴിക്കോട്: സി.പി.എം അംഗങ്ങളായ രണ്ട് വിദ്യാർത്ഥികൾക്കെതിരെ പന്തീരാങ്കാവ് പൊലീസ് ചുമത്തിയ യു.എ.പി.എയിൽ മുഖ്യമന്ത്രിയും സി.പി.എമ്മും ഉൾപ്പെടെ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അന്വേഷണ സംഘം യു.എ.പി.എയിൽ ഉറച്ചു നിൽക്കുകയാണ്.

പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജഡ്ജി എം. ആർ.അനിത മുമ്പാകെ പൊലീസ് സമർപ്പിച്ച റിപ്പോർട്ടിലാണ് യു.എ.പി.എ വ്യക്തമാക്കിയിട്ടുള്ളത്. വിദ്യാർത്ഥികൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ട്. . ഇതിന്റെ തെളിവുകളും സമർപ്പിച്ചിട്ടുണ്ട്. റിമാൻഡ് റിപ്പോർട്ടിലും യു.എ.പി.എയുടെ കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ജാമ്യാപേക്ഷ പരിഗണനയ്ക്ക് വന്നപ്പോൾ കോടതി സ്വമേധയാ യു.എ.പി.എ ഒഴിവാക്കണമെന്ന് പ്രതികൾക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റുമാരായ എം.കെ ദിനേശും എൻ.ഷംസുവും ആവശ്യപ്പെട്ടു.പ്രതികൾക്ക് മാവോയിസ്റ്റ് ബന്ധമില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. ലഘുലേഖകൾ പിടിച്ചെടുത്തെന്ന പൊലീസ് വാദം അംഗീകരിച്ചാലും യു.എ.പി.എ ചുമത്തേണ്ട കേസല്ല.വിദ്യാർത്ഥികളായ പ്രതികൾ സി.പി.എം അംഗങ്ങളാണ്.ഇവർക്ക് യാതൊരു ക്രിമിനൽ പാശ്ചാത്തലവുമില്ല. വിദ്യാർത്ഥികളുടെ ഭാവി തകർക്കുന്ന വിധത്തിലുള്ളതാണ് പൊലീസ് നടപടിയെന്നും അവർ ബോധിപ്പിച്ചു. എന്നാൽ യു.എ.പി.എ ഒഴിവാക്കാൻ കോടതിക്കാവില്ലെന്ന് ചൂണ്ടിക്കാട്ടിയ ജഡ്ജി, പബ്ളിക് പ്രോസിക്യൂട്ടറോട് അഭിപ്രായം ആരാഞ്ഞു.പൊലീസുമായി കൂടിയാലോചിച്ച് രണ്ട് ദിവസത്തിനകം മറുപടി നൽകാമെന്ന് പബ്ളിക് പ്രോസിക്യൂട്ടർ കെ.എൻ.ജയകുമാർ മറുപടി നൽകി.തുടർന്ന് കേസ് ബുധനാഴ്ചത്തേക്ക് മാറ്റി ഉത്തരവിട്ടു.

വെള്ളിയാഴ്ച രാത്രിയാണ് സി.പി.എം അംഗങ്ങളായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരെ പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.അട്ടപ്പാടിയിൽ മാവോയിസ്റ്റുകളെ വെടിവച്ചുകൊന്ന പൊലീസ് നടപടിയെ വിമർശിക്കുന്ന ലഘുലേഖകൾ വിതരണം ചെയ്തെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്..