srinagar-

ശ്രീനഗർ: ജമ്മു കാശ്മീരിലെ ശ്രീനഗറിലെ പച്ചക്കറി ചന്തയിൽ നടന്ന ഗ്രനേഡ് ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്കേറ്റു. ശ്രീനഗറിലെ ജഹാംഗീർ ചൗക്കിന് സമീപം ഹരി സിംഗ് തെരുവിലെ മൗലാന ആസാദ് റോഡിലെ ചന്തയിലാണ് ആക്രമണം നടന്നത്. സെക്രട്ടേറിയറ്റിന് സമീപമാണ് ഈ സ്ഥലം. ഉത്തർപ്രദേശിലെ സഹ്റൻപുർ സ്വദേശിയാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. സ്‌ഫോടനത്തെ തുടർന്ന് ആളുകളെ ഒഴിപ്പിച്ച് പ്രദേശം സുരക്ഷാ സേനയുടെ വലയത്തിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത്‌ മൂന്നാം തവണയാണ് ശ്രീനഗറിൽ ഗ്രനേഡ് ആക്രമണം ഉണ്ടാകുന്നത്. ഈ ആഴ്ച ആദ്യം വടക്കൻ കാശ്മീരിലെ സോപോറിൽ തിരക്കേറിയ മാർക്കറ്റിൽ ഭീകരവാദികൾ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ 15 പേർക്ക് പരിക്കേറ്റിരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റ് 5ന് ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതുമുതൽ കനത്ത സുരക്ഷാഭീഷണിയിലാണ് പ്രദേശം.