ഹരിയാന: ഹരിയാനയിൽ 50 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം. കർണാൽ ഗരൗന്ധ ഹർസിംഗ്പുര സ്വദേശി ശിവാനിയാണ് ഇന്നലെ രാവിലെ മരിച്ചത്. ഞായറാഴ്ച വൈകിട്ട് ഗറൗണ്ടയിലെ വീടിന് സമീപമുള്ള വയലിൽ കളിക്കുന്നതിനിടെയാണ് ശിവാനി കുഴൽക്കിണറിൽ വീണത്. കുട്ടിയുടെ വീട്ടുകാരുടെ തന്നെ ഉടമസ്ഥതയിൽ ഉള്ളതാണ് ഈ കുഴൽക്കിണർ. കുട്ടിയെ കാണാതായതോടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കുട്ടി കുഴൽക്കിണറിൽ വീണ കാര്യം അറിയുന്നത്. വീട്ടുകാർ ഉടനേ ജില്ലാഭരണകൂടത്തെയും പൊലീസിനെയും അറിയിക്കുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. പിന്നീട് എൻ.ഡി.ആർ.എഫും സംഭവസ്ഥലത്തെത്തി.
16 മണിക്കൂറുകൾക്ക് ശേഷമാണ് എൻ.ഡി.ആർ.എഫിന് കുട്ടിയെ ഇന്നലെ രാവിലെ പത്തുമണിയോടെ പുറത്തെടുക്കാനായത്. പുറത്തെത്തിച്ച കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു. കുഴൽക്കിണറിനകത്തേക്ക് ഒാക്സിജൻ എത്തിച്ചിരുന്നുവെന്നും കുട്ടിയുടെ അവസ്ഥ അറിയാനായി കാമറ ഉപയോഗിച്ചിരുന്നുവെന്നും ഇതിൽ കുട്ടിയുടെ കാലിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നുവെന്നും ഭയപ്പെടാതിരിക്കാനായി മാതാപിതാക്കളുടെ ശബ്ദമുള്ള ആഡിയോ കേൾപ്പിച്ചിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇക്കഴിഞ്ഞ ഒക്ടോബർ 29ന് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണ് രണ്ടു വയസുകാരൻ സുജിത്ത് വിൽസൻ മരിച്ചിരുന്നു. അഞ്ചുദിവസം നീണ്ട രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അഴുകിയ നിലയിലാണ് കുട്ടിയെ പുറത്തെടുത്തത്.